പ്ലസ്ടു കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (13:21 IST)
പ്ലസ്ടു കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ നല്‍കിയ സര്‍ക്കാരിന് ഹൈക്കോടതി ഡ‌ിവിഷന്‍ ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന്റെ പല നടപടിക്രമങ്ങളും അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലേയെന്നും ചോദിച്ചു. അപ്പീല്‍ അനാവശ്യമാണെന്നും കോടതി വ്യക്തമാക്കി. അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങളെ കോടതി തള്ളി.
 
വിദഗ്ധ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ മറികടന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ മന്ത്രിസഭ ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിരുന്നു. അധികമായി അനുവദിച്ച ബാച്ചുകള്‍ സ്റ്റേ ചെയ്യാനുള്ള സിംഗിള്‍ ബെഞ്ച് വിധി എണ്‍പതിനായിരത്തോളം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. 
 
അതേസമയം സിംഗിള്‍ ബെഞ്ചിന്റെ വിധിയെ അഡ്വക്കേറ്റ് ജനറല്‍ ശക്തമായി എതിര്‍ത്തു. ഇടക്കാല സ്റ്റേ അനുവദിക്കാന്‍ സിംഗിള്‍ ബെഞ്ച് അനാവശ്യ തിടുക്കം കാട്ടി. സ്റ്റേ അനുവദിച്ചതോടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര ക്രമക്കേട് ഉണ്ടായെന്നുള്ള പ്രതീതിക്ക് ഇടയാക്കിയെന്നും എജി വാദിച്ചു.