പദവിയിലിരിക്കാന്‍ യോഗ്യതയില്ല; എംജി സർവകലാശാല വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി - യോഗ്യതയില്‍ സംശയമില്ലെന്ന് ബാബു സെബാസ്റ്റ്യന്‍

തിങ്കള്‍, 19 ഫെബ്രുവരി 2018 (15:32 IST)
മഹാത്മാഗാന്ധി വൈസ് ചാന്‍സിലര്‍ നിയമനം കേരളാ ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിന്റെ നിയമനമാണ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയത്.

ബാബു സെബാസ്റ്റ്യന്‍ വിസി പദവിയിലിരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ്. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ജോ​ലി ചെ​യ്തി​ട്ടി​ല്ല. പത്ത് വർഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ല. സെ​ന​റ്റി​ലും സി​ൻ​ഡി​ക്കേ​റ്റി​ലും അം​ഗ​മാ​യ എം​എ​ൽ​എ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യി​ലു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

വിസിയെ നിയമിക്കാനായി സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിച്ചതിലും അപാകതയുണ്ടായെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റിയ തിരഞ്ഞെടുപ്പു സമിതി അസാധുവാണെന്നും കോടതി നിരീക്ഷിച്ചു.

വിസിയ്‌ക്ക് മതിയായ യോഗ്യതയില്ലെന്നും അതിനാൽ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ ചാലക്കുടി സ്വദേശി ടിആർ പ്രേംകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ബാബു സെബാസ്റ്റ്യന് സ്വകാര്യ എയ്ഡഡ് കോളജിൽ അസോസിയേറ്റ് പ്രൊഫസറായി മാത്രമാണ് യോഗ്യതയും പ്രവൃത്തിപരിചയവും എന്നാണ് ഹർജിക്കാരന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, തന്റെ യോഗ്യതയില്‍ സംശയമില്ലെന്ന് ബാബു സെബാസ്റ്റ്യന്‍ വ്യക്തമാക്കി. മതിയായ യോഗ്യതയുള്ളയാളാണ് താന്‍. അത് പരിഗണിച്ചാണ് സര്‍വകലാശാല സെലക്ട് കമ്മിറ്റി വിസി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍