സംസ്ഥാനത്ത് പൂട്ടിയ 250 ബാറുകളും തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്. വിഷയത്തില്‍ സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് വന്നത്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബാറുടമകള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരുന്നു. ഒരുമാസത്തേക്ക് തല്‍സ്ഥിതി തുടരാനാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ ഇന്നലത്തെ ഉത്തരവിനെ ചോദ്യം ചെയ്തു ബാര്‍ ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ നല്‍കുംവരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ബാര്‍ ഉടമകളുടെ ഹര്‍ജി ഇന്നലെ കോടതി തള്ളിയിരുന്നു.
എന്നാല്‍, ഇന്നു ഡിവിഷന്‍ ബെഞ്ച് ഈ ഹര്‍ജി പരിഗണിച്ച്, ഇന്നലത്തെ കോടതി ഉത്തരവിന്മേല്‍ വാദം നടക്കുന്നതിനായി തല്‍സ്ഥിതി തുടരട്ടെയെന്നു നിര്‍ദേശിക്കുകയായിരുന്നു. ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമേ തുറക്കാവൂ എന്നായിരുന്നു ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ഇതു പ്രകാരം 21 ഫൈവ് സ്റ്റാര്‍, 33 ഫോര്‍ സ്റ്റാര്‍, എട്ടു ഹെറിറ്റെജ് എന്നിവടയക്കം 62 ബാറുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
സിംഗിള്‍ ബഞ്ച് വിധി വന്ന ഇന്നലെ തന്നെ എക്സൈസ് മന്ത്രി കെ ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം എക്സൈസ് സംഘം സംസ്ഥാനത്തെ 250 ടു സ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. ഇനി ഇവയെല്ലാം തുറക്കേണ്ടി വരും. സര്‍ക്കാരിന്റെ നയത്തിന് കനത്ത തിരിച്ചടിയാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി.
ഫോര്‍ സ്റ്റാര്‍ സൌകര്യമുള്ള ബാറുകള്‍ ഉണ്ടായിട്ടും അവയ്ക്ക് നക്ഷത്ര പദവിയില്ല എന്ന കാരണത്താല്‍ ബാര്‍ സൌകര്യം നിഷേധിക്കരുതെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു. പൂട്ടിയ ബാറുകളില്‍ നിന്ന് മദ്യം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി വന്നിരിക്കുന്നത്. അതേ സമയം വിധി പ്രതീക്ഷിക്കാത്തതായിരുന്നു എന്ന് എക്സൈസ് മന്ത്രി കെ ബാബു വിധിയോട് പ്രതികരിച്ചു.