മഴ ശക്തം; അഞ്ചുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

ശ്രീനു എസ്

ചൊവ്വ, 12 ജനുവരി 2021 (08:49 IST)
ശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ അഞ്ചുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
 
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
 
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ഈ സീസണില്‍ പ്രതീക്ഷിക്കേണ്ടത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍