കേരളത്തില്‍ അതിശക്തമായ മഴ. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി. കക്കി, ആനത്തോട് ഡാമുകളിലും പമ്പ, ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു. ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ടയില്‍ 2018 ല്‍ പെയ്തതിനു സമാനമായ കനത്ത മഴ തുടരുകയാണ്. പ്രളയ സമാന സാഹചര്യമാണ് പലയിടത്തുമുള്ളത്.
അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെക്കന്‍-മധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.