വയനാട്ടിൽ 6 സ്ഥലങ്ങളിൽ ഉരുൾപൊട്ടി, പെരിയവാര പാലം ഒലിച്ചുപോയി; കനത്ത ജാഗ്രത

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (11:31 IST)
സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമായി. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടം. വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്‌. മഴവെള്ളപ്പാച്ചിലിൽ പെരിയവാര പാലം ഒലിച്ചുപോയി. ഇതോടെ മറയൂർ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്‌.
 
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
 
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു.
 
ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടയിലായി. നിരവധി വീടുകളിലും വെള്ളം കയറി.

അനുബന്ധ വാര്‍ത്തകള്‍

Next Article