സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ശക്തമാകുന്നു. കേരളത്തില്‍ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, ശക്തമായ രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. പെരുമ്പാവൂരിൽ പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു. ലോവര്‍ പെരിയാര്‍ കരിമണല്‍ പവര്‍ഹൗസില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് പവര്‍ ഹൗസ് അടച്ചു.
അട്ടപ്പാടിയിൽ ശക്തമായ കാറ്റോടുകൂടിയ മഹ്ശ തുടരുന്നു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്തിറങ്ങി ഇവര്‍ക്കുപുറമെ ദേശീയ ദുരന്തപ്രതികരണ സേന, നാവിക സേനയുമെത്തും. കനത്ത മലവെള്ളപ്പാച്ചിൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെന്നാണ് വിവരം.
ആലുവ റെയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിൽ ഉയർന്നിരിക്കുകയാണ്. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍നിന്നുള്ള 30 അംഗ സേന പത്തനംതിട്ടയിലേക്ക് എത്തും. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് സേനകളുമുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും ഇന്നലെ മുതൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലും ഫയര്‍ ഫോഴ്സ് കണ്‍ട്രോള്‍ റൂം തുറന്നുപ്രവർത്തിക്കുകയാണ്. പത്തനംതിട്ടയിൽ വെള്ളം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമുകളുടെ ഷട്ടര്‍ താഴ്ത്തിത്തുടങ്ങി. പമ്പ ഡാമിന്റെ ഷട്ടര്‍ 60 സെന്റി മീറ്റര്‍ താഴ്ത്തി. മൂഴിക്കല്‍ ഡാമിന്റെ ഷട്ടര്‍ രണ്ട് മീറ്ററില്‍ നിന്ന് ഒന്നാക്കി താഴ്ത്തി.