സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ എല്ലാ അണക്കെട്ടുകളും തുറന്നുതന്നെയിരിക്കും.
വയനാട്ടിൽ മഴ ശക്തമായിത്തന്നെ തുടരുന്നു. പത്തനംതിട്ട ജില്ലയിൽ പമ്പ, കക്കി –ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. കോഴിക്കോട്ട് തിരുവമ്പാടി മറിപ്പുഴയിൽ ഉരുൾപൊട്ടി താൽക്കാലിക നടപ്പാലം ഒഴുകിപ്പോയി. പാലക്കാട് ജില്ലയിൽ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ മൈലാടിപ്പാറയിൽ ഉരുൾപൊട്ടി. മലപ്പുറം ജില്ലയിലെ നിലമ്പൂർ പന്തീരായിരമേക്കർ മലവാരത്തിൽ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യൻപാറയ്ക്കു മീതെ വെള്ളരിമലയിലും ഉരുൾപൊട്ടി. കണ്ണൂർ മലയോരപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. ഉരുൾപൊട്ടാൻ കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.