ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, ആനത്തോട് ഡാമുകൾ വീണ്ടും തുറന്നു. പമ്പാ ത്രിവേണി പൂർണമായും വെള്ളത്തിൽ മുങ്ങി. പമ്പാനദിയിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം പൂർണ്ണമായും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പ ഉൾപ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകൾ ഇപ്പോഴും തുറന്നിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തിലാണ് അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പൊലീസും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. 15ന് ശബരിമലയിലെത്താനിരിക്കുന്ന ഭക്തന്മാരും ജാഗ്രത പുലർത്തണമെന്ന് അറിയിച്ചു.
അതേസമയം, ബാണാസുരസാഗർ, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും തീരുമാനിച്ചു. ബാണാസുരസാഗര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 30 സെന്റീമീറ്റർ ഉയർത്തി.