‘രണ്ട് വർഷം ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്’- ഈ കുരുന്നുകളുടെ സന്മനസ് പോലും സംഘപരിവാർക്ക് ഇല്ലാതെ പോയല്ലോ...

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (10:31 IST)
പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനതയെ സഹായിക്കാന്‍ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. തങ്ങളാൽ കഴിയുന്ന തുകയാണ് എല്ലാവരും നൽകുന്നത്. ജാതിഭേദമന്യേ, കക്ഷിരാഷ്ട്രീയങ്ങൾ നോക്കാതെ, വലുപ്പ ചേരുപ്പമില്ലാതെ നിരവധിയാളുകളാണ് സംഭാവനകൾ നൽകുന്നത്. 
 
അത്തരത്തില്‍ ഒരു കുഞ്ഞു സാഹായം നല്‍കി രണ്ടു കുഞ്ഞു കരങ്ങള്‍ സമൂഹത്തിന് മാതൃകയാവുകയാണ്. രണ്ടു വര്‍ഷമായി ശേഖരിച്ചു വന്നിരുന്ന പോക്കറ്റ് മണി ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കി മാതൃകയായിരിക്കുകയാണ് രണ്ടു കുരുന്നുകള്‍. എറണാകുളം സ്വദേശികളായ ഹാറൂണും ദിയയുമാണ് രണ്ട് വര്‍ഷമായി സൂക്ഷിച്ചുവെച്ച പണം ദുതിത ബാധിതര്‍ക്കായ് മാറ്റിവച്ചത്.
 
കുട്ടികളുടെ അമ്മ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇത് ഷെയര്‍ ചെയ്തത്. ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്ന് കരുതി എഴുതി തള്ളാന്‍ വരട്ടെ. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പൈസ ഇടരുത് എന്ന് സംഘപരിവാർ ഹേറ്റ് ക്യാമ്പിയിന്‍ നടക്കുന്നുണ്ട് എന്നു അറിഞ്ഞ് അതിനെതിരെയുയര്‍ത്തിയ ഒരു ശബ്ദമായി ഈ പോസ്റ്റിനെ കാണണമെന്നാണ് കുറുപ്പില്‍ പറയുന്നത്.
 
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:
 
ഹാറൂണിനും ദിയക്കും കഴിഞ്ഞ രണ്ടു വർഷമായി കിട്ടുന്ന പൈസ ഒക്കെ സൂക്ഷിച്ചു വെക്കുന്ന പതിവുണ്ട്. രണ്ടു വർഷമായി കിട്ടുന്ന പണമൊക്കെ( വിഷു കൈനീട്ടവും പെരുന്നാൾ പങ്കും ഒക്കെ) അതിനകത്തു കൊണ്ടു ഇടലാണ് രണ്ടെണ്ണത്തിന്റെയും പണി.
 
രണ്ടു ദിവസമായി ദുരിതാശ്വാസക്യാമ്പിലേക്ക് വേണ്ടി അവരുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഒക്കെ തിരഞ്ഞെടുത്തു കൊടുക്കുന്നത് കണ്ടു കൊണ്ടാണ് എന്നു തോന്നുന്നു രണ്ടു പേരും ഇന്ന് വന്നു എന്നോട് ഒരു കാര്യം പറഞ്ഞു അവരുടെ ബേബി ബാങ്കിലെ മുഴുവൻ പൈസയും വെള്ളപ്പൊക്കത്തിൽ പുസ്തകവും ബാഗും ഒക്കെ പോയ കുട്ട്യോൾക്ക് കൊടുക്കാം എന്ന്.
 
ശരിക്കും കേട്ടപ്പോൾ ഒരുപാട് സന്തോഷമായി.പണ്ട് ഒരിക്കൽ മീൻ വാങ്ങിയപ്പോൾ പൈസ തികയാഞ്ഞിട്ടു അതിൽ നിന്നും ചില്ലറ എടുക്കാൻ പോയ ഞാൻ ജീവനും കൊണ്ടു രക്ഷപെടുകയായിരുന്നു എന്നു ഇപ്പ്പ്ഴും ഒർക്കുന്നു….. അത്രക്ക് സംരക്ഷിച്ചു വെക്കുന്ന പൈസയാണ് അത്..
 
രണ്ടു പേരും കൂടി തന്നെ കാശൊക്കെ എണ്ണി എടുത്തു. രണ്ടായിരത്തി ഇരുന്നൂറ്റി പത്തു രൂപയുണ്ട്. അതൊരു വലിയ തുക ഒന്നും അല്ല. എന്നാലും എന്റെ മക്കളുടെ ഭാഗത്തു നിന്നും ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാൻ തീരുമാനിച്ചു .
 
(NB: മുഖ്യമന്ത്രി യുടെ ഫണ്ടിലേക്ക് പൈസ ഇടരുത് എന്നെ ഹേറ്റ് ക്യാമ്പിയിൻ നടക്കുന്നുണ്ട് എന്നു അറിഞ്ഞത് കൊണ്ടു മാത്രമാണ് ഇതിവിടെ ഫോട്ടോയോട് കൂടി പോസ്റ്റ് ചെയ്യുന്നത്…)
 
പറ്റാവുന്ന ഓരോ ചില്ലിയും സംഭരിച്ചു നമ്മൾ നൽകണം. പേമാരിയിലും ഉരുൾപൊട്ടലിലും ഒഴുകി പോയ നിരവധി ജീവിതങ്ങൾ കെട്ടിപ്പടുക്കാൻ നമ്മുക്കൊക്കെ ഒരുമിച്ചു പങ്കാളികൾ ആകാം..
 
എന്റെ കുട്ടികളും ഞങ്ങളുടെ കുടുബവും അത് തിരിച്ചറിയുന്നു.
 
നിങ്ങളെല്ലാവരും അബദ്ധ പ്രചാരണങ്ങളെ തള്ളികളഞ്ഞു പങ്കാളികൾ ആകും എന്നു ഉറച്ചു വിശ്വസിക്കുന്നു… നമ്മൾ അല്ലാതെ വേറെ ആര് സുഹൃത്തുക്കളെ….
#standwithkerala
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്നും കേരളത്തിലെ ജനങ്ങള്‍ ഈ ദുരന്തത്തിനു അര്‍ഹരെന്നും പ്രചരിപ്പിച്ച് സംഘപരിവാര്‍ രംഗത്ത് വന്നിരുന്നു. ഈ സന്ദര്‍ഭത്തിലും രാഷ്ട്രീയവും മതവും കലര്‍ത്തി വിദ്വേഷം പ്രചരിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍