സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് അഞ്ച് മുതല്‍ ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂനമര്‍ദ്ദമായും തിങ്കളാഴ്ച തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയില്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും കേരളത്തിലും ശക്തമായ മഴ ലഭിച്ചേക്കും.