അവയവദാനത്തിൽ പുതു ചരിത്രം; സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (08:14 IST)
സംസ്ഥാനത്ത് അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആലുവ സ്വദേശി വിനയകുമാറിന്റെ (45) ഹൃദയവും വൃക്കയും നേത്രപടലങ്ങളുമാണ് ദാനം ചെയ്തത്. കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ നിന്നെത്തിച്ച ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. പത്തനംതിട്ട സ്വദേശി പൊടിമോനാണ് ഹൃദയം സ്വീകരിച്ചത്

പുലര്‍ച്ചെ 4.30ന് ആരംഭിച്ച ശസ്ത്രക്രീയ ആറുമണിയോടെ അവസാനിക്കുകയായിരുന്നു. ശസ്ത്രക്രീയ പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു. ഹൃദയം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി. ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. പി.കെ ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കൊച്ചി ഏലൂരിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിനയകുമാര്‍ ഇനി ജീവിതത്തിലേക്കു മടങ്ങില്ല എന്ന് ഉറപ്പായതോടെയാണു ബന്ധുക്കള്‍ വിനയകുമാറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്തത്.

മൂന്നു മാസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് പൊടിമോനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ വാൽവിനു ഗുരുതരമായ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഹൃദയം മാറ്റി വയ്ക്കണമെന്ന നിർദേശം ഡോക്ടർമാർ മുന്നോട്ട് വയ്ക്കുകയായിരുന്നു. ഞായ്യറാഴ്ച പാതാളം ഇഎസ്‌ഐ ഡിസ്‌പെൻസറിക്ക് സമീപത്ത് വച്ച് നടന്ന അപകടത്തെ തുടർന്നാണ് വിനയകുമാർ മരിച്ചത്.