ചത്ത മൃഗങ്ങളേയും പക്ഷികളേയും കൈ കൊണ്ടെടുക്കരുത്! പ്രത്യേക ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ജൂണ്‍ 2024 (10:50 IST)
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്. പക്ഷിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. ചത്ത മൃഗങ്ങളെയും പക്ഷികളെയും സുരക്ഷാ മുന്‍കരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്. വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചത്ത പക്ഷികളെയോ മൃഗങ്ങളെയോ കൈകാര്യം ചെയ്തവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.
 
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ജലദോഷം, വൈറല്‍ പനികള്‍, ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതല്‍ കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. സ്വയംചികിത്സ പാടില്ല. നീണ്ടു നില്‍ക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയ ശ്വാസതടസ്സം, അമിത നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിത ക്ഷീണം എന്നിവ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍