പീഡനക്കേസിൽ പാസ്റ്റർക്ക് കഠിനതടവും പിഴയും
കോട്ടയം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോടതി പാസ്റ്റർക്ക് കഠിന തടവും പിഴയും വിധിച്ചു. കൊല്ലം പിറവന്തൂർ മരങ്ങാട്ട് പുത്തൻ വീട്ടിൽ സണ്ണി എന്ന പി.ജി.മത്തായി (55) യെ ആണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി കെ.എൻ.സുജിത് ശിക്ഷിച്ചത്.
2014-15 കാലയളവിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.ഏറ്റുമാനൂരിൽ കുട്ടിയും അമ്മയും ആരാധനയ്ക്ക് പോയ പള്ളിയിലെ പാസ്റ്ററായ ഇയാൾ കുട്ടിയെ പീഡിപ്പിച്ചു എന്നാണു കേസ്. 2017 ൽ കുട്ടിയെ ചൈൽഡ് ലൈൻ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.
പാസ്റ്റർക്ക് പത്ത് വർഷത്തെ കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ഏറ്റുമാനൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കിയത്.