ഹനീഫ വധം: മൂന്നുപേര്‍ കൂടി പിടിയില്‍; പ്രതിയുടെ പേരുകള്‍ വ്യക്തമാക്കി ഹനീഫയുടെ ഉമ്മയുടെ പരാതി

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2015 (09:22 IST)
കോണ്‍ഗ്രസ് നേതാവ് എ സി ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഹനീഫയെ കൊലപ്പെടുത്തിയ സംഘത്തെ സഹായിച്ച ആബിദ്, സിദ്ദിഖ്, ഷാഫി എന്നിവരാണ് പിടിയിലായത്. ആബിദ്, സിദ്ദിഖ് എന്നിവരെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഷാഫിയെ പാലക്കാട്ടെ ഒരു ലോഡ്ജില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
 
അതേസമയം, മന്ത്രിയായ സി എന്‍ ബാലകൃഷ്‌ണനെ എതിര്‍ത്തതു കൊണ്ടാണ് തന്റെ മകനെ കൊന്നതെന്ന് കാണിച്ച് കൊല്ലപ്പെട്ട ഹനീഫയുടെ ഉമ്മ ഐഷാബി ഡി ജി പിക്ക് പരാതി നല്കി. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപന്‍ ഹനീഫയെ കൊലപ്പെടുത്തുമെന്ന് നേരത്തെ വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയതായും ഐഷാബി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ആദ്യമായാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ എടുത്തുകാട്ടി പരാതി ലഭിക്കുന്നത്.
 
ഹനീഫയെ കൊലപ്പെടുത്തിയവര്‍ മന്ത്രി സി എന്‍ ബാലകൃഷ്‌ണനെ എതിര്‍ത്തതു കൊണ്ടാണ് ഹനീഫയെ കൊലപ്പെടുത്തുന്നതെന്ന് അക്രമികള്‍ വിളിച്ചു പറഞ്ഞതായും ഉമ്മ പരാതിയില്‍ വ്യക്തമാക്കി. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് പരാതി.