ഹനീഫ വധം: പ്രതിയോടൊപ്പമുള്ള ഗോപപ്രതാപന്റെ ചിത്രം പുറത്ത്

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (11:55 IST)
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷമീര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഗോപപ്രതാപനോട് ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. 
 
ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും ഗോപപ്രതാപന്റെ വാഹനത്തിലാണ് ഷമീര്‍ രക്ഷപ്പെട്ടതെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും സി പി എമ്മും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ഗോപപ്രതാപന്‍ ആരോപിച്ചു.
 
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കെ പി സി സി ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ കഴിഞ്ഞദിവസം ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിരുന്നു. 
 
ഹനീഫയെ കൊല്ലാന്‍ ഷമീറിനെ നിയോഗിച്ചത് ഗോപപ്രതാപനാണെന്ന് ഹനീഫയുടെ കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു. 
 
അതേസമയം, ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ചാവക്കാട്ട് ഐ ഗ്രൂപ്പ് ഇന്ന് വൈകുന്നേരം നടത്താനിരുന്ന പ്രതിഷേധ പ്രകടനം മാറ്റിവെച്ചു. മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രകടനം മാറ്റിവെച്ചത്.