മാവോയിസ്‌റ്റ് വേട്ട നടന്നോ ഇല്ലയോ ?; നിലബൂരില്‍ സംഭവിച്ചതിന്റെ സത്യമെന്ത് - പ്രമുഖര്‍ പറയുന്നു

വെള്ളി, 25 നവം‌ബര്‍ 2016 (17:45 IST)
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്‌റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസുവും വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ നേരിയ പ്രതിരോധത്തിലായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ മാവോയിസ്‌റ്റ് വേട്ടയ്‌ക്കെതിരെ പ്രമുഖ ഘടകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനം വന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്‌തതു പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന കാനത്തിന്റെ പ്രസ്‌താവന കുറിക്ക് കൊള്ളുന്നതാണ്.

കൊല്ലാനുള്ള അവകാശം ആര്‍ക്കുമില്ല. രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളതുപോലുള്ള മാവോയിസ്റ്റ് വേട്ട കേരളത്തിന് ആവശ്യമില്ല. മാവോവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ശരിയാണോ തെറ്റാണോ എന്നാണ് ഗവണ്‍മെന്റ് പരിശോധിക്കേണ്ടതുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്.

പൊലീസുകാര്‍ക്ക് ഒരു പോറലു പോലുമേള്‍ക്കാതെ നടന്ന മാവോയിസ്‌റ്റ് വേട്ടയില്‍ സംശയമുണ്ടെന്നാണ് ഗ്രോ വാസു പറയുന്നത്.
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രോ വാസുവിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയാലും കാനത്തിന്റെ ആവശ്യം കേള്‍ക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഏറ്റുമുട്ടലില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെടുന്നത്. മാവോയിസ്‌റ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ കാനത്തിന്റെ പ്രസ്‌താവന പിണറായി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കും.

വെബ്ദുനിയ വായിക്കുക