പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കേരളത്തിലെ സംഗീത പരിപാടികള്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് ശിവസേന. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് വ്യക്തമായിരിക്കെയാണ് കേരളത്തില്‍ പരിപാടി നടക്കുന്നത്. പരിപാടി റദ്ദാക്കിയില്ലെങ്കില്‍ പരിപാടി നടക്കുന്ന വേദികളിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും ശിവസേന വ്യക്തമാക്കി.
സംഗീതപരിപാടിക്ക് ശിവസേന ഒരിക്കലും എതിരല്ല. തങ്ങള്‍ പാകിസ്ഥാനെതിരെയാണ് പ്രതിഷേധിക്കുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ദുഃഖാചരണം നടത്തുകയാണ് ഇതിനിടെയാണ് സംഗീത പരിപാടി നടക്കുന്നത്. ഇത് ആഘോഷത്തിന്റെ സമയമല്ലെന്നും ശിവസേന സംസ്ഥാന എക്‍സിക്യൂട്ടിവ് അംഗം പി അജി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് സംസ്ഥാനത്തിനെന്നും കേരള ഘടകം അറിയിച്ചു. പരിപാടി നടക്കുന്ന വേദികളിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് ഗുലാം അലിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നേരത്തെ മുംബൈയിലെയും ഡൽഹിയിലെയും പരിപാടികൾ ശിവസേനയുടെ ഭീഷണിയെ തുടർന്ന് റദ്ദാക്കിയിരുന്നു.