ലഹരിക്കെതിരെ സ്ത്രീകള്‍ മുന്നിട്ടിറങ്ങണം: ഗവര്‍ണര്‍

വെള്ളി, 22 മെയ് 2015 (19:14 IST)
ലഹരിഉപഭോഗത്തിനെതിരെ സ്ത്രീകള്‍ മുന്നിട്ടിറങ്ങിയാല്‍ പുരുഷന്‍മാരില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാനാകുമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ ലഹരി വിമുക്തഗ്രാമമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം.എച്ച്.എസ്.എസിലായിരുന്നു ചടങ്ങ്.

പലപ്പോഴും ഗ്രാമവികസനത്തിന് മദ്യം തടസ്സമാകാറുണ്ട്. സ്ത്രീകള്‍ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങിയാല്‍ പുരുഷന്‍മാരില്‍ മാറ്റങ്ങളുണ്ടാക്കാനാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നതിനും ലഹരി ഉപഭോഗം കാരണമാകുന്നുണ്ട്. ഇക്കാര്യങ്ങളില്‍ കൃത്യമായ ബോധവത്കരണം ആവശ്യമാണ്. ഭരണഘടന അനുശാസിക്കുന്നവിധം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ശ്രമം മഹത്തരമാണ്. ഇതിനായി സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിലും സന്തോഷമുണ്ട്. നിയമസഭാ സ്പീക്കറുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിലുണ്ടായ ഈ ശ്രമം സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലും പിന്തുടരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ലഹരി ഉപയോഗിക്കില്ലെന്ന തീരുമാനം സ്വയം നടപ്പാക്കുകയും മറ്റുള്ളവരെക്കൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുകയും വേണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ അഭിപ്രായപ്പെട്ടു. ഒരു വര്‍ഷം അരി വാങ്ങുന്നതിനേക്കാള്‍ പണം മദ്യം വാങ്ങാന്‍ ഉപയോഗിക്കുന്നവരുള്ള സംസ്ഥാനമെന്ന അവസ്ഥ മാറ്റിയെടുക്കണം. മദ്യപിക്കുന്നവര്‍ സ്വയം നശിക്കുന്നതിനൊപ്പം കുടുംബത്തിന്റെ സമാധാനവും സാമ്പത്തികശേഷിയും തകര്‍ക്കുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക