കേരളപ്പിറവി ആഘോഷം: സര്‍ക്കാര്‍ നടത്തുന്ന ചടങ്ങില്‍ ഗവര്‍ണര്‍ക്ക് ക്ഷണമില്ല

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2016 (08:11 IST)
ഐക്യകേരളത്തിന്റെ 60ാം വാർഷികം ആഘോഷിക്കുന്ന ഔദ്യോഗികചടങ്ങിൽ ഗവർണറെ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരും നിയമസഭയും ഒരുമിച്ചാണു വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സ്പീക്കറാണ് അധ്യക്ഷനാകുന്നത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള 60 പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസിലേക്കുമാണ് ക്ഷണിച്ചിട്ടുള്ളത്. ഇത്തരത്തില്‍ നടത്തുന്ന ഒരു ചടങ്ങിൽ സ്വാഭാവികമായും ഗവർണർ മുഖ്യ അതിഥിയായെത്തേണ്ടതായിരുന്നു.

അതേസമയം, ഈ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായി സൂചനയുണ്ട്. എന്നാല്‍ ഗവർണറെ ക്ഷണിക്കാത്തതിന്റെ ഉത്തരവാദിത്തമേൽക്കാന്‍ സർക്കാരും നിയമസഭാ സെക്രട്ടേറിയറ്റും തയാറാകുന്നില്ല. നിയമസഭാ സെക്രട്ടേറിയറ്റാണ് പരിപാടി തീരുമാനിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. അതുകൊണ്ടു തന്നെ ഗവർണറെ ചടങ്ങിലേക്കു ക്ഷണിക്കാത്തതു മനപൂര്‍വമാണോ അതോ വീഴ്ചപറ്റിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിയമസഭാ അങ്കണത്തിലാണ് സർക്കാരിന്റെ കേരളപ്പിറവി ദിന പരിപാടികള്‍ നടക്കുന്നത്.
Next Article