സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഫേസ്‌ബുക്കും വാട്ട്‌സപ്പിനും പോലുള്ളവയ്‌ക്കും വിലക്ക്- സര്‍ക്കാര്‍ ഉത്തരവിറക്കി
തിങ്കള്‍, 14 ഡിസംബര്‍ 2015 (08:52 IST)
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതി വ്യാപകമായതോടെ സർക്കാർ ഓഫിസുകളിൽ ജീവനക്കാരുടെ മൊബൈൽ ഫോൺ ഉപയോഗത്തിനു നിയന്ത്രണം. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ അമിതമായി മൊബൈൽ ഫോണും സോഷ്യല്‍ മീഡിയകളും ജോലിസമയത്ത് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഓരോ ഓഫിസിലെയും മേധാവിക്കു നിർദേശം നൽകിയിട്ടുണ്ട്. വിജിലൻസ് സെൽ മുഖേനയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
മൊബൊല്‍ ഫോണും മറ്റ് സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നത് പൊതുജനങ്ങള്‍ക്കും ഓഫീസിലെത്തുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പലവട്ടം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും വിഷയത്തില്‍ മാറ്റമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്‌റ്റാഫ് യോഗം വിളിച്ച് മേലുദ്യോഗസ്ഥന്‍ വായിച്ചു കേള്‍പ്പിക്കണം. ഇതിനുശേഷം എല്ലാവരും ഒപ്പിട്ടു തിരിച്ചയയ്ക്കുകയും വേണം. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ ഫേസ്‌ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നതായി മനസിലാക്കിയ സാഹചര്യത്തില്‍ സർക്കാർ ഓഫിസിലെ കമ്പ്യൂട്ടർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.