2017 മാർച്ചോടെ കേരളത്തിലെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കർമ്മപദ്ധതിയുമായി കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും മുന്നോട്ടുപോകുകയാണ്. പദ്ധതിയുടെ ഭാഗമായി നടപടി ക്രമങ്ങളും ആരംഭിച്ചു. ലക്ഷ്യമിടുന്ന സമയത്തുതന്നെ സമ്പൂർണ്ണ വൈദ്യുതീകരണം സാധ്യമാക്കുവാനായി വൈദ്യുതി ലഭിക്കാത്തവരുടെ പട്ടിക തയ്യാറാക്കൽ നടപടി സെക്ഷൻ ഓഫീസുകളിൽ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കുക എന്നതാണ് കെ എസ് ഇ ബിയുടെ ഉദ്ദേശം. വൈദ്യുതി ലൈനും ട്രാൻസ്ഫോർമറും എത്തിയിട്ടില്ലാത്ത മേഖലകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, എം പി മാരുടെയും എം എൽ എ മാരുടെയും വികസന ഫണ്ടുകൾ, പട്ടിക ജാതി പട്ടികവർഗ്ഗ ക്ഷേമ ഫണ്ടുകൾ, കേന്ദ്രാവിഷ്കൃത പദ്ധതിവിഹിതം, വിവിധ വികസനപ്രോജക്ടുകളിൽ നിന്നുള്ള ഫണ്ടുകൾ തുടങ്ങിയവ വിനിയോഗിച്ചായിരിക്കും ശൃംഖലാവ്യാപനം നടത്തുക.
ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് നേരിട്ടോ, പഞ്ചായത്തംഗങ്ങൾ, സന്നദ്ധസംഘടനകൾ, ഗവണ്മെന്റിതര സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെയോ അതതു പ്രദേശത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം.