ഒടുവില്‍ കളക്‍ടര്‍ ബ്രോയ്‌ക്ക് പണികിട്ടി; ‘ സ്‌കൂളില്‍ ’ പോയ സംഭവത്തില്‍ പ്രശാന്തിന് തെറ്റുപറ്റിയെന്ന് കണ്ടെത്തല്‍

Webdunia
ബുധന്‍, 31 മെയ് 2017 (16:06 IST)
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ പ്രശസ്‌തനായ കളക്‍ടര്‍ ബ്രോ എന്നറിയപ്പെടുന്ന കളക്‍ടര്‍ എൻ പ്രശാന്തിന് തെറ്റുപറ്റിയെന്ന് പൊതുഭരണ വകുപ്പ്. കോഴിക്കോട് കളക്ടറായിരിക്കെ മകളെ സ്‌കൂളില്‍ കൊണ്ടു പോകുന്നതിന് ഔദ്യോഗിക വാഹനം ഉപയോഗിച്ച സംഭവത്തിലാണ് അദ്ദേഹത്തിന് താക്കീത് ലഭിച്ചത്.

മകളെ സ്‌കൂളില്‍ കൊണ്ടു പോകുന്നതടക്കമുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്കായി പ്രശാന്ത് ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്നാണ് ധനകാര്യവിഭാഗം വിഷയത്തില്‍ അന്വേഷണം നടത്തിയത്.

അന്വേഷണത്തില്‍ പ്രശാന്തിന്റെ ഭാഗത്തു നിന്നും വീഴ്‌ചകള്‍ സംഭവിച്ചതായി ധനകാര്യ വിഭാഗം പൊതുഭരണവകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിന് താക്കീത് ലഭിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് പൊതുഭരണ വകുപ്പ് പ്രശാന്തിനോട് നിർദേശിച്ചു.

അതേസമയം, ഔദ്യോഗിക കാറിന് പുറമെ, മറ്റൊരു സർക്കാർ വാഹനം കൂടി പ്രശാന്ത് ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.
Next Article