സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആവർത്തിച്ച് എൻഐഎ, ഡിജിറ്റൽ വിഡിയോ റെക്കോർഡറിൽ നിർണായക തെളിവുകൾ

ബുധന്‍, 22 ജൂലൈ 2020 (07:56 IST)
കൊച്ചി: നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിൽ തീവ്രവാദ സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന് ആവർത്തിച്ച് എൻഐഎ. പ്രതികളൂടെ റിമാൻഡ് റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വർണക്കടത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് റമീസും മൂവാറ്റുപുഴ സ്വദേശി ജലാലും ചേർന്നാണ്. പലതരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ കള്ളക്കടത്ത് ഉപയോഗിച്ചിട്ടുണ്ട് എന്ന് സംശയമുണ്ട്. 
 
നയതന്ത്ര ബാഗ് മറയാക്കി നടത്തിയ കള്ളക്കടത്ത് നയതന്ത്ര തലത്ത്ൽ വരെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സ്വർണക്കടത്തുമായുള്ള ഭീകരുടെ ബന്ധം ഉൾപ്പടെ കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പിനിടെ കണ്ടെത്തിയ ഡിജിറ്റൽ വീഡിയോ റെക്കോർഡറിൽ നിർണായക ദൃശ്യങ്ങൽ പതിഞ്ഞിട്ടുണ്ട് എന്നാണ് കരുതുന്നത്. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും ബാഗുകളിൽനിന്നും തെളിവുകൾ കണ്ടെത്തി. സ്വർണക്കടത്തിലെ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെടി റമീസ് ആണ്. ടെലിഗ്രാം ആപ്പ് വഴിയാണ് ഇവർ സ്വർണക്കടത്ത് സംബന്ധിച്ച ആശയവിനിമയം നടത്തിയിരുന്നത്. 
 
അറസ്റ്റിലായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചതായി എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നീട്ടുന്നതിനായാണ്.എൻഐഎ വീണ്ടും റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം സ്വപ്ന യുഎഇ കോൺസലേറ്റ് പ്രതിനിധിയുമായി നടത്തിയ ചാറ്റുകൾ എൻഐഎ കണ്ടെത്തി. ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചതുമുതൽ സ്വർണം പിടികൂടുന്നതുവരെയുള്ള സമയത്തെ സന്ദേശങ്ങൾ ടെലഗ്രാമിൽ ഉണ്ട്. ഇതിൽ പ്രധാനപ്പെട്ട സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍