2021 നവംബര്‍ ഒന്നാം തീയതി വേങ്ങരയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് ഇയാള്‍ സ്വര്‍ണ്ണം വാങ്ങിയ ശേഷം മൊബൈല്‍ ആപ്പ് വഴി പണം നല്‍കി എന്ന് പറഞ്ഞു വ്യാപാരിയെ കബളിപ്പിച്ചു മുങ്ങിയ ആള്‍ ഇപ്പോഴാണ് പിടിയിലായായത്. ബില്‍ തുകയായ പതിനഞ്ചു ലക്ഷം രൂപ മൊബൈല്‍ ആപ്പ് വഴി അയച്ചിട്ടുണ്ടെന്നും അക്കൗണ്ടില്‍ തുക കയറിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഇയാള്‍ സ്വര്‍ണ്ണവുമായി ജ്വല്ലറിയില്‍ നിന്ന് മുങ്ങിയത്. ജ്വല്ലറിക്കാര്‍ക്ക് പണം എത്താത്തതിനാല്‍ ഇത് ചോദിച്ചപ്പോള്‍ നെറ്റ്വര്‍ക്ക് പ്രശ്‌നമുണ്ടെന്നും ഇത് ശരിയായാല്‍ ഉടന്‍ പണം അവര്‍ക്ക് ലഭിക്കുമെന്നും പ്രതി പറഞ്ഞിരുന്നു.
നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ചാരിറ്റി സംരംഭമായാണ് ആഭരണം വാങ്ങുന്നത് എന്ന് ഇയാള്‍ ജ്വല്ലറിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനൊപ്പം ജ്വല്ലറി ഉടമകളുമായി പരിചയമുള്ള ഒരു സുഹൃത്തിനെ കൊണ്ട് പരിചയപ്പെടുത്തുന്നതിനും ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടമകള്‍ പോലീസില്‍ പരാതി നല്‍കി.