വ്യാജ സ്വര്‍ണ്ണക്കട്ടി നല്‍കി പത്ത് ലക്ഷം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

ഞായര്‍, 12 ജൂണ്‍ 2022 (10:36 IST)
വ്യാജ സ്വര്‍ണ്ണക്കട്ടി നല്‍കി പത്ത് ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റിലായി. മലപ്പുറം ചങ്ങരംകുളം സ്വദേശിയില്‍ നിന്നു മലപ്പുറത്തെ തിരുവാലി നട്ടുവത്ത് വിളക്കത്തില്‍ അബ്ദുല്‍ സലിം എന്ന 39 കാരനാണു  പണം തട്ടിയെടുത്ത് പിടിയിലായത്. സലീമിനെ കൂടാതെ മൂന്നു പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്.
 
കഴിഞ്ഞ ഏപ്രില്‍ എട്ടാം തീയതി വാണിയംകുളം - കോതക്കുറുശ്ശി റോഡില്‍ ചന്തയ്ക്കടുത്തതായ വിജന സ്ഥലത്തു വച്ചാണ് ചങ്ങരംകുളത്തെ ആളില്‍ നിന്ന് പത്ത് ലക്ഷം രൂപ യുവാക്കള്‍ വാങ്ങിയത്. ഫോണ്‍ വഴി പരിചയപ്പെട്ടശേഷം പത്ത് ലക്ഷം രൂപാ നല്‍കിയാല്‍ ഒരു കിലോയുടെ സ്വര്ണക്കട്ടി നല്‍കാമെന്ന വാഗ്ദാനത്തിലാണ് ചങ്ങരംകുളം സ്വദേശി വീണത്. ഇത് നിധിയാണെന്നും മരിച്ചുവിറ്റാല്‍ വന്‍ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.
 
സാമ്പിള്‍ എന്ന നിലയില്‍ ചില ചെറിയ സ്വര്‍ണ്ണക്കട്ടകള്‍ നല്‍കിയത് ജൂവലറിയില്‍ കൊണ്ട്‌പോയി സ്വര്‍ണ്ണമാണെന്നു ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്വര്‍ണ്ണക്കട്ട ലഭിച്ച്  മറു കച്ചവടം ചെയ്യാനൊരുങ്ങിയപ്പോഴാണ് ഇത് ചെമ്പു കട്ടയാണെന്നു വെളിപ്പെട്ടത്. തുടര്‍ന്ന് ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.
 
എന്നാല്‍ പേര് പോലും അറിയാത്ത ആളുകളുടെ പേരില്‍ അന്വേഷണം വഴിമുട്ടി. പക്ഷെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുമ്പ് ഫോണില്‍ വിളിച്ചപ്പോള്‍ ലഭിച്ച നമ്പര്‍ വഴി സലീമിനെ പിടികൂടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍