കുമ്മനത്തിനെ ചോദ്യം ചെയ്‌ത് സുകുമാരന്‍ നായര്‍; ‘താങ്കളുടെ അറിവോടേയാണോ എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നത്’

Webdunia
ശനി, 2 ജനുവരി 2016 (12:18 IST)
ബിജെപിയിലെ ഒരു വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ബിജെപിയിലെ ഒരു വിഭാഗം എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത് താങ്കളുടെ അറിവോടേയാണോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോട്  സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയപ്പോഴായിരുന്നു ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.

മറ്റൊരു പാര്‍ട്ടിയും ചെയ്യാത്ത തരത്തില്‍ ബിജെപിയിലെ ഒരു വിഭാഗം എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത് താങ്കളുടെ കൂടി അറിവോടെയാണോ എന്നും കുമ്മനത്തോട് സുകുമാരന്‍ നായര്‍ ചോദിക്കുകയായിരുന്നു.
അതേസമയം, തന്നെ രാഷ്‌ട്രീയത്തിലേക്ക് എത്തിച്ചത് എന്‍ എസ് എസ് ആണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി ജെ പി നേതാക്കളുടെ ഭാഗത്തു നിന്നുള്ള ഏതെങ്കിലും പരാമര്‍ശം എന്‍ എസ് എസിനെ അലോസരപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു.

പെരുന്നയിൽ എത്തിയ കുമ്മനം മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ എന്നിവരടക്കമുള്ള ബിജെപി നേതാക്കൾക്കൊപ്പമാണ് കുമ്മനം എത്തിയത്. കഴിഞ്ഞദിവസം സുകുമാരന്‍ നായര്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്‍ എസ് എസിനെ കാവി പുതപ്പിക്കാന്‍ ആരും വരേണ്ടെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന.