പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചതുള്‍പ്പെടെയുള്ള വൈദികന്റെ പീഡന വിവരങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ഗൂഢാലോചന നടത്തിയ തങ്കമ്മ നെല്ലിയാനി കീഴടങ്ങി

Webdunia
ശനി, 18 മാര്‍ച്ച് 2017 (08:22 IST)
കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ ഒന്നാം പ്രതി ഫാ റോബിൻ വടക്കുംചേരിയുടെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി കീഴടങ്ങി. രാവിലെ 6.30ഓടെ അന്വേഷണ ഉദ്യോഗസ്​ഥനായ പേരാവൂർ സി​ഐ സുനിൽ കുമാറിനു മുമ്പാകെയാണ്​ കീഴടങ്ങിയത്​.

അഭിഭാഷകയായ ബിമല ബിനുവിനൊപ്പം എത്തിയാണു തങ്കമ്മ കീഴടങ്ങിയത്. തങ്കമ്മ എത്തിച്ചേർന്ന ഉടൻ തന്നെ മൊഴിയെടുക്കൽ ആരംഭിച്ചു. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തങ്കമ്മ കീഴടങ്ങാനെത്തിയത്.

ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈദ്യ പരിശോധനയും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. കുഞ്ഞിനെ മാറ്റുന്നതിന്​ സഹായം നൽകി, സംഭവം മറച്ചു പിടിക്കുന്നതിന്​ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെയുള്ളത്​. ഒന്നാം പ്രതിയായ ഫാ റോബിന്റെ വിശ്വസ്​തയും ബാലമന്ദിരത്തിലെ സഹായിയുമാണ്​ തങ്കമ്മ.

കേസിൽ ഇന്നലെ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം സിസ്റ്റർമാരായ ബെറ്റി ജോസഫ്, ഒഫീലിയ എന്നിവർ കീഴടങ്ങിയിരുന്നു. ഇവർക്കു പിന്നീടു ജാമ്യം അനുവദിച്ചു.
Next Article