സ്രാങ്ക് ഇല്ലായിരുന്നു; മത്സ്യബന്ധന ബോട്ട് ഓടിച്ചത് മെക്കാനിക്ക്

വ്യാഴം, 27 ഓഗസ്റ്റ് 2015 (11:15 IST)
ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിനിടയാക്കിയ മത്സ്യബന്ധന ബോട്ട് ഓടിച്ച ഡ്രൈവര്‍ ഷിജുവിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ മെക്കാനിക്ക് മാത്രമായിരുന്നു. വര്‍ഷങ്ങളായി ഷിജു ബോട്ടില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് ഷിജു ബോട്ട് ഓടിച്ചതെന്നും വ്യക്തമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ബോട്ടില്‍ സ്രാങ്ക് ഉണ്ടായിരുന്നില്ലെന്ന് ഷിജു മൊഴി നല്‍കിയിട്ടുണ്ട്.

ബോട്ടില്‍ സ്രാങ്ക് ഇല്ലാതിരുന്ന സമയയത്താണ് ഷിജും ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ബോട്ടില്‍ ഡീസലടിച്ച് മുന്നോട്ട് എടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കണ്ടില്ലെന്നും അതേത്തുടര്‍ന്ന് കൂട്ടിയിടി ഉണ്ടാകുകയുമായിരുന്നുവെന്നും ഷിജു പറഞ്ഞു. 35 വര്‍ഷം പഴക്കമുള്ള യാത്രാ ബോട്ടിന് 2017 വരെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റു നല്‍കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.  സംസ്ഥാന സര്‍ക്കാരാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ബോട്ട് പരിശോധിക്കാതെയാണ് പോര്‍ട്ട് അധികൃതര്‍ ഫിറ്റ്നസ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാണ്. അപകടവുമായി ബന്ധപ്പെട്ടതിന്റെ അന്വേഷണ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കും.

അപകടത്തിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കണ്ടക്കടവ് പുത്തൻതോട് കുഞ്ഞുമോൻ- സിന്ധു ദമ്പതികളുടെ മകളും മഹാരാജാസ് കോളജിലെ ബികോം ബിരുദ വിദ്യാർഥിനിയായ സുജീഷ (17), ഷിൽട്ടൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സുജീഷയുടെ ചെല്ലാനം ഹാർബറിൽ നിന്നും ഷിൽട്ടന്റേത് കണ്ണാമാലിയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അപകടത്തിൽ മരിച്ച സിന്ധുവിന്റെ മകളാണ് സുജിഷ.


(ചിത്രത്തിന് കടപ്പാട്: മലായള മനോരമ)

വെബ്ദുനിയ വായിക്കുക