ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

എ കെ ജെ അയ്യര്‍

ശനി, 21 സെപ്‌റ്റംബര്‍ 2024 (20:14 IST)
ഇടുക്കി: ചിക്കൻ കറി വിളമ്പിയതിൽ പുഴുക്കളെ കണ്ടെത്തി എന്ന പരാതിയെ തുടർന്ന് കട്ടപ്പനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ഹോട്ടൽ അടപ്പിച്ചു. കട്ടപ്പന പള്ളിക്കലയിലെ ഏയ്സ് ഹോട്ടലാണ് അധികാരികൾ അടപ്പിച്ചത്.
 
ഹോട്ടലിൽ നിന്നു ഭക്ഷണത്തിനൊപ്പം ചിക്കൻകറി കഴിച്ച മൂന്നു വിദ്യാർത്ഥികൾ ഭക്ഷ്യ വിഷ ബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 
കട്ടപ്പനയിലെ സ്വിമ്മിംഗ് അക്കാഡമിയിലെ പരിശീലനത്തിനു ശേഷം എത്തിയ വിദ്യാത്ഥികൾ ഹോട്ടലിൽ നിന്ന് പൊറോട്ടയും ചിക്കൻ കറിയുമാണ് കഴിച്ചത്. കഴിക്കുന്നതിനിടെ ഇവർ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തുകയും അതിൻ്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പുഴുക്കളെ കണ്ടെത്തിയ ഇവർ ഛർദ്ദിക്കുകയും ചെയ്തതോടെ കടുത്ത വയറു വേദനയും തളർച്ചയും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കയായിരുന്നു. ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി എന്ന പരാതിയെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം അധികാരികൾ എത്തി ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍