വെടിക്കെട്ട് ക്ഷേത്രാചരത്തിന്റെ ഭാഗമല്ലെന്ന് ശബരിമല തന്ത്രിയും മേല്‍ശാന്തിയും

വ്യാഴം, 14 ഏപ്രില്‍ 2016 (10:08 IST)
ക്ഷേത്രാചാരത്തിന്റെ ഭാഗമല്ല വെടിക്കെട്ടെന്ന് ശബരിമല തന്ത്രിയും മേല്‍ശാന്തിയും. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി എസ് ഇ ശങ്കരൻ നമ്പൂതിരിയുമാണ് വെടിക്കെട്ടിനെതിരെ രംഗത്തെത്തിയത്.
 
വെടിക്കെട്ട് ക്ഷേത്രാചാരത്തിന്‍റെ ഭാഗമാണെന്ന ധാരണ തെറ്റാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വെടിക്കെട്ട് നിരോധിക്കണം. വെടിക്കെട്ടും കരിമരുന്നു കലാപ്രകടനവും ആസ്വദിക്കാൻ നല്ലതാണെന്നും എന്നാൽ, ഇത് ഉയർത്തുന്ന സുരക്ഷാ ഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും പറഞ്ഞ തന്ത്രി  കണ്ഠരര് മഹേഷ് മോഹനരര് വെടിക്കെട്ട് സുരക്ഷയോടെ ചെയ്യുന്നതിന് കുഴപ്പമില്ലെന്നും പറഞ്ഞു.
 
അതേസമയം, താന്ത്രിക ഗ്രന്ഥങ്ങളിൽ വെടിക്കെട്ടും മത്സരകമ്പവും നടത്തണമെന്ന് പറഞ്ഞിട്ടില്ലെന്ന് എസ് ഇ ശങ്കരൻ നമ്പൂതിരി പറഞ്ഞു. വേദങ്ങൾ പഠിക്കുന്ന കാലത്തോ പൂജ ചെയ്യുന്ന കാലത്തോ ഗുരുക്കന്മാരോ തന്ത്രിമാരോ ഇക്കാര്യം പറഞ്ഞു തന്നിട്ടില്ല. അതിനാൽ വെടിക്കെട്ട് വേണമെന്ന ആവശ്യത്തെ അനുകൂലിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 
 ആനകളെ എഴുന്നള്ളിക്കുന്നത് ശരിയല്ലെന്നും ഇത്രയേറെ അപകടങ്ങൾ ഉണ്ടായിട്ടും പാഠം പഠിക്കാൻ ആരും തയ്യാറല്ലെന്നും മേൽശാന്തി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക