ട്രെയിനിലെ തീപിടുത്തം; തിരക്കിനിടയിൽ യാത്രക്കാരുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചു, പിടിക്കപ്പെടുമെന്നായപ്പോൾ മോഷ്ടാവ് സ്വയം തീകൊളുത്തി, ബോഗിയ്ക്കും തീ പടർന്നുപിടിച്ചു

Webdunia
ചൊവ്വ, 16 ഓഗസ്റ്റ് 2016 (15:36 IST)
തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട നേത്രാവതി എക്സ്പ്രസ്സ് ട്രെയിനില്‍ തീപിടുത്തം. പിടിയിലായ മോഷ്ടാവ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. കായംകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. യാത്രക്കാരിൽ ഒരാളുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ പിടികൂടാൻ ശ്രമിച്ചു. ഇതിനെതുടർന്ന് ഇയാൾ ബാത്ത്റൂമിലേക്ക് ഓടിക്കയറിയ ശേഷം തീകൊളുത്തുകയായിരുന്നു. ട്രെയിനിന്റെ ഒരു കോച്ചിനു തീപിടിച്ചു. 
 
പെട്രോള്‍ പോലെയുള്ള ഒരു ഇന്ധനം ഉപയോഗിച്ചാണ് തമിഴ്നാട് സ്വദേശിയായ അനസ് എന്ന ചെറുപ്പക്കാരൻ തീ കൊളുത്തിയത്. പെട്ടന്നുണ്ടായ അഗ്നിബാധയിൽ യാത്രക്കാർ ആദ്യമൊന്ന് പകച്ചു. എങ്കിലും നിമിഷങ്ങൾക്കകം യാത്രക്കാരെല്ലാം ബോഗിയിൽ നിന്നും ഇറങ്ങുകയും തീയണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
 
ഈ സമയമത്രയും ബാത്ത്റൂമിനകത്ത് ഇരിക്കുകയായിരുന്ന അനസിനെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് യാത്രക്കാര്‍ പുറത്തെടുത്തത്. ചെറിയതോതില്‍ പൊള്ളലേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ട്രെയിനിനും നാശമുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ട്. ചോദ്യങ്ങൾക്കെല്ലാം പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകുന്നത്.
 
ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള കോച്ചിലാണു തീപിടിച്ചത്. തീപിടുത്തത്തെതുടർന്ന് കോച്ച് ട്രെയിനില്‍നിന്നു വേര്‍പെടുത്തിയിട്ടുണ്ട്. രാവിലെ 9.50നു തിരുവനന്തപുരത്തുനിന്നു ലോക്‌മാന്യതിലകിലേക്കു പുറപ്പെട്ടതായിരുന്നു ട്രെയിന്‍. 
Next Article