'ബിജെപി പ്രവർത്തകരുടെ കടുംപിടുത്തത്തിനൊടുവിൽ കുമ്മനം രാജശേഖരൻ മടങ്ങിയെത്തുന്നു' എന്ന വാർത്തയാണ് ഇപ്പോൾ എല്ലാവരും ചർച്ചചെയ്യുന്നത്. ഈ വിഷയം സംബന്ധിച്ച് പാർട്ടിയിൽ തന്നെ പല വിള്ളലുകളും ഉണ്ടായിട്ടുണ്ട് എന്നാണ് സൂചനകൾ.
കുമ്മനത്തെ തിരിച്ചുകൊണ്ടുവരാൻ പാർട്ടി ശ്രമിക്കുന്നതിന് പിന്നിൽ കാരണം ഉണ്ട്. പാർട്ടി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെക്കൂടി ബിജെപി പരിഗണിക്കും എന്നാണ് അറിയുന്നത്.
കുമ്മനം തിരികെ എത്തണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞിരുന്നു.
എന്നാൽ പാർട്ടിയിലെ തങ്ങളുടെ നിലനിൽപ്പ് മനസ്സിൽ കണ്ട് ശബരിമല വിഷയം മുതലെടുത്ത് കളിച്ചവർക്ക് ഇത് അടിയാണോ എന്നാണ് ചിലരുടേയെങ്കിലും സംശയം.
അതേസമയം, മണ്ഡലത്തിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെയും, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെയും പേരുകള്‍ കൂടി പരിഗണിക്കും. എന്നാൽ ഈ മൂന്ന് പേരുകൾ പരിഗണിക്കുന്നതിന് മുമ്പായി പാർട്ടിയിൽ നിന്ന് പ്രവർത്തകരുടെ പൊതു അഭിപ്രായവും തേടിയേക്കാം.
ബിജെപിക്ക് തിരുവനന്തപുരത്ത് വിജയ സാധ്യത കൂടുതൽ ഉണ്ടെന്ന് പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെയാണ് ഇവിടേക്ക് നിലവില്‍ മിസോറാം ഗവര്‍ണറായ ജനങ്ങൾക്ക് പ്രിയങ്കരനായ കുമ്മനം രാജശേഖരനെ എത്തിക്കാനുള്ള സാധ്യത ഏറുന്നതും. എന്നാൽ കുമ്മനം വരുന്നതോടെ പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്കും സുരേന്ദ്രനും ആണെന്നും പാർട്ടിയിൽ തന്നെ സംസാരമുള്ളതായും വാർത്തകൾ ഉണ്ട്.