പ്രതീക്ഷകൾ ബാക്കിയാക്കി മണി പോയി, ''യാത്ര ചോദിക്കാതെ" അദ്ദേഹം സ്വർഗ്ഗത്തിലിരുന്ന് കാണും !

വെള്ളി, 18 മാര്‍ച്ച് 2016 (16:57 IST)
ആഗ്രഹങ്ങ‌ൾ ഒരുപാട് ബാക്കിയാക്കിയാണ് മണി പോയത്. ആരോടും യാത്ര ചോദിക്കാതെ.. കാലം കാത്തിരുന്ന കഥയുമായി "യാത്ര ചോദിക്കാതെ" റിലീസിങ്ങിനൊരുങ്ങുന്നു. മണിയുടെ അവസാന ചിത്രം. ഈ ചിത്രത്തിൽ മണിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാ‌ൽ ചിത്രത്തിന്റെ പ്രിവ്യു പോലും കാണാതെ അദ്ദേഹം പോയി- ചിത്രത്തിന്റെ സംവിധായകൻ അനീഷ് വർമ പറയുന്നു.
 
ആറു മാസം മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായത്. പല കാരണങ്ങ‌ൾ കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നീണ്ടുപോയെങ്കിലും സിനിമയിൽ മണിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഡബ്ബിങ്ങ് കഴിഞ്ഞ ശേഷം അദ്ദേഹം അത് തന്നോട് പങ്കുവെച്ചിരുന്നുവെന്നും സംവിധായകൻ പറയുന്നു. കുട്ടനാട്ടിലെ ഒരു തനി കർഷകനായിട്ടാണ് ചിത്രത്തിൽ മണി അവതരിപ്പിക്കുന്ന ബാലൻ എന്ന കഥാപാത്രം എത്തുന്നത്.
 
ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരിക്കൽ തന്നോട് ചിത്രത്തിന്റെ പ്രിവ്യു കാണണം എന്ന് ആഗ്രഹം അറിയിച്ചിരുന്നെങ്കിലും എന്റേതായ കാരണങ്ങള്‍ കൊണ്ട് അത് സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നും അതിന്റെ നീറ്റൽ ഉള്ളിലിപ്പോഴുമുണ്ടെന്നും അനീഷ് അറിയിച്ചു. ചിത്രത്തിന്റെ പ്രിവ്യു അടുത്ത ആഴ്ച ചാലക്കുടിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങ‌ളുടേയും സാന്നിധ്യത്തിൽ വെച്ച് നടത്തുമെന്നും ദിലീപിന്റെ തിയേറ്ററില്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു.
 
പ്രമോഷന്‍ കാര്യങ്ങള്‍ എന്തുണ്ടെങ്കിലും വിളിച്ചാല്‍ മതി, ഞാന്‍ വന്നോളാം എന്നൊക്കെ പറഞ്ഞിട്ട്... ഒന്നും പറയാതെ അങ്ങ് പോയി. ചിത്രത്തിന് മണിച്ചേട്ടന്റെ എല്ലാ അനുഗ്രഹവും ആശിര്‍വാദവും ഉണ്ടാവും. ഇവിടെ പ്രേക്ഷരോടൊപ്പം ഈ സിനിമ അങ്ങ് സ്വര്‍ഗ്ഗത്തിലിരുന്ന് അദ്ദേഹം കാണുന്നുണ്ടാവും -അനീഷ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക