തുറിച്ചുനോക്കിയതിന്റെ പേരില്‍ കൂട്ടത്തല്ല്; തിരുവനന്തപുരത്തെ ഹോട്ടലില്‍ സിനിമാ സ്‌റ്റൈലില്‍ പൊരിഞ്ഞ അടി
ചൊവ്വ, 13 ഡിസംബര്‍ 2016 (14:07 IST)
ഭക്ഷണം കഴിക്കുന്നതിനിടെ തുറിച്ചു നോക്കിയതിനെ തുടര്‍ന്ന് ഹോട്ടലില്‍ കൂട്ടത്തല്ല. പെരിങ്ങമ്മല സ്വദേശികളും വഴിമുക്ക് സ്വദേശികളും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം നെയ്യാറ്റിൻകര റോഡിലെ എസ്പിആർ ഹോട്ടലിലായിരുന്നു സംഭവം.
സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ടു പേരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്‌തു.
തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവമുണ്ടായത്. രാത്രി സമയമായിരുന്നതിനാല്‍ ഹോട്ടലില്‍ നല്ല തിരക്കായിരുന്നു. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയം ഹോട്ടലിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പെരിങ്ങമ്മല സ്വദേശികൾ തങ്ങളെ തുറിച്ചു നോക്കിയെന്ന് പറഞ്ഞായിരുന്നു വഴിമുക്ക് സ്വദേശികളായ അഞ്ചംഗ സംഘം ആക്രമിച്ചത്.
സംഘര്‍ഷം ആരംഭിച്ചതോടെ ഹോട്ടലില്‍ ഉണ്ടായിരുന്നവര്‍ എല്ലാം പുറത്തേക്കോടി. കടയിലെ ഉപകരണങ്ങള്‍ എല്ലാം അക്രമികള്‍ നശിപ്പിച്ചു. കസേരകളും മേശകളും ചുവരിലെ കണ്ണാടിയും സംഘര്‍ഷത്തില്‍ നശിച്ചു. കടയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളെല്ലാം നശിപ്പിക്കുകയും ചെയ്‌തു.
സംഭവവുമായി ബന്ധപ്പെട്ട് വഴിമുക്ക് സ്വദേശികളായ നിയാസ് (28), അസ്റുദ്ദീൻ (27) അബ്ദുൾ ഹമീദ് (27) എന്നിവരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. തലയ്‌ക്ക് പരുക്കേറ്റ വെങ്ങാനൂർ ചാവടിനട ദർശനയിൽ എസ് സുജിത് (29), പെരിങ്ങമ്മല പുല്ലാനിമുക്ക് സ്വദേശി യു നിദേഷ് (28) എന്നിവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.