ഫസൽ വധക്കേസ്: കൊന്നത് ആർ എസ് എസ് പ്രവർത്തകർ, കാരായിമാർ നിരപരാധികൾ; തെളിവുമായി കേരള പൊലീസ്

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2016 (17:43 IST)
തലശ്ശേരിയിൽ എൻ ഡി എൻ പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. ഫസലിനെ കൊലപ്പെടുത്തിയത് താനുൾപ്പെടുന്ന ആർ എസ് എസ് പ്രവർത്തകരാണെന്ന് പടുവിലായി മോഹനൻ വധക്കേസിലെ പ്രതി സുബീഷ് പൊലീസിന് മൊഴി നൽകി. കേസിൽ കാരായിമാർ കുറ്റക്കാരല്ലെന്നും സുബീഷ് വ്യക്തമാക്കി. മൊഴിയുടെ ശബ്ദരേഖയും വീഡിയോയുമടങ്ങുന്ന തെളിവുകള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, ഡി ജി പിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു.
 
സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുമുള്‍പ്പെടെയുള്ളവരാണ് പ്രതികളെന്ന് സി ബി ഐ കണ്ടെത്തിയ കേസിലാണ് സുപ്രധാന തെളിവുകളുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ ആർ എസ്​ എസ് പ്രചാരകന്‍, ഡയമണ്ട് മുക്കിലെ ആർ എസ്​ എസ് നേതാവ് ശശിയും മനോജും താനുമടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സുബീഷിന്റെ കുറ്റസമ്മത മൊഴി. 
 
2014ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷ് മൊഴി നൽകിയിട്ടുണ്ട്​. നിര്‍ണായകമായ വെളിപ്പെടുത്തല്‍ വന്നതോടെ കഴിഞ്ഞ ഞായറാഴ്ച കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്ഥരും പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഇപ്പോഴും തുടരുകയാണ്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഇവർ ഹർജി നൽകിയിരുന്നെങ്കിലും സി ബി ഐയുടെ എതിർപ്പിനെ തുടർന്ന് ഇത് നിരാകരിക്കുകയായിരുന്നു.
 
2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ കൊല്ലപ്പെടുന്നത്. സി പി എം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻ ഡി എഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം.  സി ബി ഐയുടെ അന്വേഷണത്തിൽ എട്ടു സി പി എം  പ്രവര്‍ത്തകര്‍ പ്രതികളാണെന്ന്​ കണ്ടെത്തി  കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
 
 
Next Article