സോളാര്‍ കേസ് അഴിയാത്ത കുരുക്ക്; ഉമ്മന്‍ചാണ്ടി ബംഗളൂരു കോടതിയില്‍ ഹാജരാകണം

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2016 (17:32 IST)
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നേരിട്ട് ഹാജരാകാന്‍ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ പങ്കില്ലെന്നതിന് തെളിവുണ്ടെങ്കില്‍ ഡിസംബര്‍ 13 ന് നേരിട്ട് ഹാജരായി തെളിവ് നല്‍കാനാണ് കോടതി നിർദേശം.

കേസിൽ തനിക്കെതിരായ കോടതിവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി നല്‍‌കിയ ഹർജി പരിഗണിച്ചാണ് ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചത്. അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് ജഡ്ജി എംആർ ചെന്നകേശവയാണ് വിധി പ്രസ്താവിച്ചത്.

വിധി നടപ്പാക്കാൻ മൂന്നു മാസം സമയം അനുവദിച്ചിട്ടുള്ളതിനാൽ സ്റ്റേയുടെ ആവശ്യം വരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ബെംഗളുരുവിലെ മലയാളി വ്യവസായി എംകെ കുരുവിളയുടെ പരാതിയിലാണ് അഡീഷനല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ഉമ്മൻ ചാണ്ടി ഉള്‍പ്പെടെ ആറുപേരെ ശിക്ഷിച്ചത്.

സോളാർ പാനലുകൾ സ്‌ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ ഉമ്മൻചാണ്ടിയടക്കം ആറു പ്രതികൾ 1.60 കോടിയോളം രൂപ കുരുവിളയ്ക്ക് നല്കണമെന്നാണ് ഒക്ടോബർ 24ന് ബംഗളൂരു കോടതി ഉത്തരവിട്ടത്.

സൗരോര്‍ജ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്തുനല്‍കാമെന്നു വാഗ്ദാനം ചെയ്ത് കൊച്ചിയിലെ സ്വകാര്യസ്ഥാപനം മുഖേന ഒരു കോടി മുപ്പത്തഞ്ചുലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി.
Next Article