ആലപ്പുഴ: കള്ളനോട്ടുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും സഹായിയായ സ്ത്രീയും പിടിയിലായി. കൊല്ലം കിഴക്കേ കല്ലട പഞ്ചായത്തിലെ മുൻ പ്രസിഡന്റ് കൊടുവിലാ സ്വദേശി ക്ളീറ്റസ് (45), താമരക്കുളം പേരൂർകാരാഴ്മ അക്ഷയ നിവാസിൽ ലേഖ (38) എന്നിവരാണ് കള്ളനോട്ടുമായി അറസ്റ്റിലായത്.
ലേഖയിൽ നിന്ന് അഞ്ഞൂറിന്റെ മൂന്നു കള്ളനോട്ടുകളും പിന്നീട് ഇവരുടെ വീട്ടിൽ നിന്ന് ആറ് നോട്ടുകളും പിടിച്ചെടുത്തു. ക്ളീറ്റസിന്റെ വീട്ടിൽ നിന്ന് ആറ് നോട്ടുകൾ പിടിച്ചു. ക്ളീറ്റസിൽ നിന്ന് ആകെ പതിനായിരം രൂപയുടെ കള്ളനോട്ടുകളാണ് ലേഖയ്ക്ക് ലഭിച്ചത്. വളരെ ശ്രദ്ധിച്ചാൽ മാത്രമേ ഈ നോട്ടുകൾ കള്ളനോട്ടുകളാണെന്നു കണ്ടെത്താൻ കഴിയൂ. അറസ്റ്റിലായ പ്രതികളെ മാവേലിക്കര ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു.
അതെ സമയം ക്ളീറ്റസിനെതിരെ നിരവധി അടിപിടി, പോലീസിനെ ആക്രമിക്കൽ എന്നീ കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു. 2019 ൽ ജലസേചന വകുപ്പ് എഞ്ചിനീയറെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇയാൾക്ക് പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. സി.പി.ഐ അംഗമായിരുന്ന ഇയാൾ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിവയ്‌ക്കേണ്ടിവന്നത്.