വ്യാജ ചികിത്സ നടത്തിയ ഡോക്ടര്‍ പിടിയില്‍

തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:32 IST)
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രിയങ്കരനായ ഡോക്ടര്‍ ഒടുവില്‍ വ്യാജനാണെന്ന് തെളിഞ്ഞതോടെ പൊലീസ് വലയിലായി. ജാര്‍ഖണ്ഡ് ചാന്ദിപൂര്‍ സ്വദേശി സോനുഎന്ന സകല്‍ദ്വീപ് മണ്ഡല്‍ എന്ന 26 കാരനാണു അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഡോക്ടറായി വിലസിയിരുന്നത്.
 
വിഴിഞ്ഞം എസ്.ഐ രതീഷിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു ഇയാള്‍ പിടിയിലായത്. സ്റ്റെതസ്കോപ്പ്, സിറിഞ്ച് കിറ്റ്, രക്തം പരിശോധിക്കുന്ന കിറ്റ്, മലേറിയയ്ക്കും മറ്റും നല്‍കുന്ന മരുന്ന് തുടങ്ങിയവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
 
ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ മാത്രമായിരുന്നു ഇയാള്‍ ഡോക്ടറായി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഒരു മാസമായി വിഴിഞ്ഞം പയറ്റുവിള പാല്‍ സൊസൈറ്റിക്കടുത്തെ ക്യാപിലായിരുന്നു ഇയാള്‍ തങ്ങിയിരുന്നത്. പ്ലസ് ടു മാത്രം പാസായ ഇയാള്‍ ജാര്‍ഖണ്ഡില്‍ ഇയാളുടെ ഒരു ബന്ധു നടത്തുന്ന ക്ലിനിക്കില്‍ അറ്റന്‍ഡറായി നാലു വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.  

വെബ്ദുനിയ വായിക്കുക