ബാങ്കുകളിലെത്തിയ അസാധു നോട്ടുകളില്‍ 8.7ലക്ഷം രൂപയും കള്ളനോട്ടുകള്; നൽകിയവർക്കെതിരെ പരാതി നല്‍കുമെന്ന് അധികൃതര്‍

ശനി, 7 ജനുവരി 2017 (11:11 IST)
നോട്ടു നിരോധനത്തിനെ തുടർന്ന് ബാങ്കുകളിലെത്തിയ അസാധുനോട്ടുകളിൽ കള്ളനോട്ടുകളും. എട്ടുലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകളാണ് ലഭിച്ചതെന്നും ആ നോട്ടുകളൊന്നും മാറിനല്‍കിയിട്ടില്ലെന്നും 
പൊലീസില്‍ പരാതി നല്‍കുമെന്നും എസ്ബിടി അധികൃതര്‍ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച നിശ്ചിത കാലയളവ് വരെ 87,8000 ലക്ഷം രൂപയുടെ 500,1000 നോട്ടുകളാണ് ലഭിച്ചതെന്നും എസ്ബിടി അറിയിച്ചു. 
 
500, 1000 നോട്ടുകൾ പിന്‍വലിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം നവംബർ പത്തിനാണ് ബാങ്കുകൾ തുറന്നത്. അന്നുമുതൽ എസ്ബിടിയിൽ മാറി നൽകിയ അസാധുനോട്ടുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 28 വരെ 12,872 കോടി രൂപയുടെ അസാധുനോട്ടുകളാണ് ബാങ്കിൽ എത്തിയത്. എന്നാൽ, ഇക്കാലയളവിൽ എസ്ബിടിയുടെ വിവിധ ശാഖകളിലായി എത്തിയത് എട്ടുലക്ഷത്തി എഴുപത്തെണ്ണായിരം രൂപയുടെ കള്ളനോട്ടുകളാണെന്നും ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.
 
അഞ്ചിലേറെ കളളനോട്ടുകള്‍ ആരെങ്കിലും ബാങ്കില്‍ കൊണ്ടുവരുകയാണെങ്കില്‍ ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിക്കണമെന്നാണ് ബാങ്കിന്റെ നിയമം. എന്നാല്‍ ഈ ബാങ്കില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് എസ്ബിടി അധികൃതർ അറിയിച്ചു. ഒരിടപാടുകാരനും നാലിലേറെ കള്ളനോട്ടുകൾ ഒരുമിച്ച് ബാങ്കിൽ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ലഭിച്ച കള്ളനോട്ടുകൾ ഒരുമിച്ചാക്കി ഇടപാടുകാരുടെ വിവരങ്ങൾ ഉൾപ്പടെ ജില്ലാ അടിസ്ഥാനത്തിൽ പൊലീസിന് പരാതി നൽകാനാണ് ഇപ്പോള്‍ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക