ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എല്ലാ കക്ഷികളും സ്വാഗതം ചെയ്താണ്. അതിനിടെ ചില കക്ഷികള്‍ അക്കാര്യത്തില്‍ എതിര്‍ നിലപാടെടുത്തതോടെ സ്ഥിതിഗതികള്‍ മാറി വന്നിരുന്നു. മാറ്റത്തിന് അനുസൃതമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിനായില്ലെന്ന പരാതി ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതി വിധിയായതിനാല്‍ സര്‍ക്കാറിന് പരമിതിയുണ്ട്. അത് നടപ്പിലാക്കുക മാത്രമേ പ്രായോഗികമായി സര്‍ക്കാറിന് ചെയ്യാന്‍ കഴിയൂ. ഇടതുപക്ഷം വിശ്വാസികള്‍ക്കോ അയ്യപ്പഭക്തന്‍മാര്‍ക്കോ എതിരല്ലെന്നും കോടിയേരി പറഞ്ഞു. ഇടതുസര്‍ക്കാര്‍ ഭക്തന്‍മാര്‍ക്കോ വിശ്വാസികള്‍ക്കോ എതിരാണെന്ന തെറ്റിദ്ധരണ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഭവന സന്ദര്‍ശനങ്ങളില്‍ നിന്ന് അക്കാര്യം വ്യക്തമാകുന്നുണ്ട്. ഇതെല്ലാം തിരുത്താനുള്ള നടപടികള്‍ പാര്‍ട്ടി ഇനി സ്വീകരിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വരികയാണ്. ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഭവനങ്ങളിലെത്തുന്നത്. ഇതോടെ പാര്‍ട്ടിയില്‍ നിന്ന് അകന്നവരെ തിരിച്ചു കൊണ്ടു വരാം എന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ.