ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല; ഇഡിയ്ക്ക് നൽകിയ മറുപടി പുറത്തുവിട്ട് കെടി ജലീൽ

ഞായര്‍, 1 നവം‌ബര്‍ 2020 (12:55 IST)
ശിവശങ്കറിന് പിന്നാലെ കെ ടി ജലീലും കുടുണ്ടും എന്ന തലക്കെട്ടിൽ ജന്മഭൂമിയിൽ വന്ന വർത്തയുടെ ചിത്രമ് പനുവച്ചുകൊണ്ട് മറുപടിയുമായി കെടി ജലീൽ, ഇഡിയ്ക്ക് നൽകിയ മറുപടിയ്ക്കത്ത് ഉൾപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് വിമർശകർക്കുംള്ള കെടി ജലീലിന്റെ മറുപടി. ബിജെപിയെയും, കോൺഗ്രസ്സിനെയും മുസ്‌ലിം ലീഗിനെയും പരിഹാസം പുതഞ്ഞ് വിമർഷിയ്ക്കുന്നതാണ് മന്ത്രിയുടെ ഫെയ്ബുക്ക് കുറിപ്പ്.  
 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

 

ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും!

 
എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് എനിക്കയച്ച കത്തിനുള്ള മറുപടിയാണ് അനുബന്ധമായി ചേർക്കുന്നത്. ഇതിനപ്പുറം ഒരു പിച്ചളപ്പിന്നെങ്കിലും എനിക്കോ സഹധർമ്മിണിക്കോ ആശ്രിതരായ മക്കൾക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ, അക്കാര്യം കേന്ദ്ര ഏജൻസികളെ, കോൺഗ്രസ്സ് നേതാക്കൾ മുഖേനയോ, മുസ്ലിംലീഗിന്റെ യുവസിങ്കങ്ങൾ വഴിയോ, അതുമല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന  സർവ്വാധികാര വിഭൂഷിതരായ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ മുഖാന്തിരമോ, അറിയിക്കാവുന്നതാണ്. 
 
ആരെങ്കിലും പത്ത് രൂപ കൈക്കൂലിയായോ പാരിതോഷികമായോ, അതുമല്ലെങ്കിൽ ഞാൻ സ്ലീപ്പിങ് പാർട്ട്ണറായ ഏതെങ്കിലും ജ്വല്ലറിയിലോ റസ്റ്റോറന്റിലോ പറമ്പ് കച്ചവടത്തിലോ(റിയൽ എസ്റ്റേറ്റ്),"ഇഞ്ചി കൃഷിയിലോ", ഷെയറായോ കമ്മിഷനായോ വല്ലതും ഞാൻ വാങ്ങിയതായോ എനിക്ക് തന്നതായോ, ഭൂമുഖത്ത് ആർക്കെങ്കിലും അറിവുണ്ടെങ്കിൽ, അക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അധികൃതർക്ക് പരാതി നൽകാവുന്നതാണ്. എന്നെ കുരുക്കാൻ കിട്ടിയിട്ടുള്ള ഈ സുവർണ്ണാവസരം എന്റെ രാഷ്ട്രീയ ശത്രുക്കൾ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലെനിക്ക് സന്തോഷം മാത്രമേ ഉണ്ടാകൂ. 
 
കസ്റ്റംസ് എന്നെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന് ചാനൽ വാർത്തയിലൂടെ അറിയാൻ സാധിച്ചു. നല്ല കാര്യം. എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചില വിവരങ്ങൾ ആഴ്ചകൾക്ക് മുമ്പ് തേടിയിരുന്നു. എന്നാൽ കസ്റ്റംസ് ഇതുവരെ കാര്യങ്ങളുടെ നിജസ്ഥിതി എന്നോട് തിരക്കിയിട്ടില്ല. അതിന് കസ്റ്റംസ് മുതിരുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങളോടെ എന്റെ ഗൺമാൻ സ്രവ പരിശോധനക്ക് സാമ്പിൾ കൊടുത്ത് വീട്ടിൽ ഒറ്റക്ക് കഴിയവെയാണ്, അയാളുടെ ഫോൺ കസ്റ്റംസ് ഉദ്യോഗസ്ഥർ വന്ന് കണ്ടുകെട്ടിയത്. 
 
രണ്ട് ദിവസം കഴിഞ്ഞ് സിംകാർഡ് തിരിച്ച് നൽകാൻ കസ്റ്റംസുകാർ കാണിച്ച വിശാലമനസ്കത വലിയ കാര്യംതന്നെ! ഫോൺ ഇപ്പോഴും കസ്റ്റംസിന്റെ കൈവശമാണ്. ഒരു പോലീസുകാരൻ എന്ന നിലയിൽ ഏതുസമയത്ത് ഫോണുമായി ഹാജരാകണം എന്നു പറഞ്ഞാലും ഗൺമാൻ ഹാജരാകുമെന്നിരിക്കെ എന്തിനായിരുന്നു ഈ "പിടിച്ചെടുക്കൽ" നാടകമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കൂടെയുള്ളവരുടെ ഫോണിൽ നിന്ന് മറ്റുള്ളവർക്ക് വിളിക്കുന്ന ഏർപ്പാട് യു.ഡി.എഫ് നേതാക്കൾക്കും ബി.ജെ.പിക്കാർക്കും ഉണ്ടായെന്നിരിക്കാം. എനിക്കേതായാലും അതില്ല. 
 
ആയിരം അന്വേഷണ ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വർണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവർത്തനങ്ങളിലോ ഈയുള്ളവൻ ഏർപ്പെട്ടതായി കണ്ടെത്താനാവില്ല. മലപ്പുറത്തെ കുഗ്രാമങ്ങളിൽ പറഞ്ഞുകേൾക്കാറുള്ള ഒരു ചൊല്ലാണ് ഓർമ്മവരുന്നത്; "ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ".
 

ഡോ: കെ.ടി ജലീൽ, ഗസൽ, തോഴുവനൂർ, 

വളാഞ്ചേരി, മലപ്പുറം. 

അസിസ്റ്റന്റ്  ഡയറക്ടർ,

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, ധനമന്ത്രാലയം,

കൊച്ചി മേഖലാ ഓഫീസ്, കൊച്ചി, എറണാങ്കുളം.

പ്രിയപ്പെട്ട എ.ഡിക്ക്,

 
റഫറൻസ്: നിങ്ങളുടെ കത്ത് നമ്പർ ECIR / KCZO / 31/2020/1636 തീയതി 18.9.2020. എന്റെ വീട്ടഡ്രസ്സിൽ താങ്കൾ അയച്ച കത്ത് കൈപ്പറ്റാൻ വൈകിയത് കൊണ്ടാണ് മറുപടിക്ക് കുറച്ച് താമസം നേരിട്ടത്. ക്ഷമിക്കുമല്ലോ? 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, സെക്ഷൻ 50 പ്രകാരം എന്നോട് ആവശ്യപ്പെട്ട വിവരങ്ങൾക്കുള്ള പ്രതികരണമാണ് ചുവടെ ചേർക്കുന്നത്.
 
18 വർഷം മുമ്പ് (2002) ഞാൻ വാങ്ങിയ 19.5 സെൻറ് സ്ഥലവും, കനറാ ബാങ്കിൻ്റെ വളാഞ്ചേരി ബ്രാഞ്ചിൽ നിന്ന് എടുത്ത 5 ലക്ഷം രൂപയുടെ ഭവനവായ്പ ഉപയോഗപ്പെടുത്തി നിർമ്മിച്ച, വീടുമല്ലാതെ എന്റെയോ ഭാര്യയുടെയോ രണ്ട് ആശ്രിതരായ മക്കളുടെയോ പേരിൽ മറ്റ് യാതൊരു സ്വത്തും ഇന്ത്യക്കകത്തോ പുറത്തോ ഇല്ല. നിലവിലുള്ള വീട് നവീകരിക്കുന്നതിന് അഞ്ചു വർഷം മുമ്പ്, നിയമസഭാംഗങ്ങൾക്ക് ലഭിക്കുന്ന 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 19.5 സെന്റ് സഥലത്തിന്റെ പ്രമാണം പണയം വെച്ചാണ് പ്രസ്തുത ലോൺ കൈപ്പറ്റിയത്. ഞാൻ 1994 മുതൽ തിരുങ്ങാടി പി‌.എസ്‌.എം‌.ഒ കോളേജിൽ ലക്ചറർ ആയി 12 വർഷം ജോലി ചെയ്തു. 
 
എന്റെ ഭാര്യ 1993 മുതൽ വളാഞ്ചേരി ഹൈസ്‌കൂളിൽ ഫിസിക്‌സ് ടീച്ചറായും, പിന്നീട് അതേ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തിയപ്പോൾ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചറായും ജോലി നോക്കി. ഇപ്പോൾ അതേ സ്ഥാപനത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പലാണ്. പി‌.എസ്‌.എം‌.ഒ കോളേജിൽ ലക്ചറർ ആയി 12 വർഷത്തെ സേവനത്തിന് ശേഷം, 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭാംഗമായി. 2016 ൽ മൂന്നാം തവണ എം‌.എൽ‌.എയായി തിരഞ്ഞെടുക്കപ്പെട്ട ഈയുള്ളവനെ, ശ്രീ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയായും, പിന്നീട് കേരളത്തിലെ പ്രഥമ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായും നിയമിച്ചു. കഴിഞ്ഞ പതിനാലര വർഷമായി കേരള നിയമസഭയിൽ അംഗമായി തുടരുന്നു.
 
എന്റെയും ഭാര്യയുടെയും ഇക്കാലമത്രയുമുള്ള അക്കൗണ്ടുകളിൽ ഞങ്ങളുടെ ശമ്പള കുടിശ്ശികയല്ലാതെ മറ്റൊന്നും ശേഷിപ്പായി ഇല്ല. ഇതോടൊപ്പമുള്ള കഴിഞ്ഞ ആറു വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. യഥാർത്ഥ വരുമാനത്തേക്കാൾ എത്രയോ കുറവാണ് ഞങ്ങളുടെ സമ്പാദ്യം. എന്റെ എക്കൗണ്ടിൽ 26 വർഷത്തെ സമ്പാദ്യമായി, ശമ്പള കുടിശികയായി സർക്കാർ ട്രഷറിയിൽ അവശേഷിക്കുന്ന നാലര ലക്ഷം രൂപയും, എന്റെ ഭാര്യയുടെ 27 വർഷത്തെ ശമ്പളബാക്കിയായി സർക്കാർ ട്രഷറിയിലും ബാങ്കിലുമായി കിടക്കുന്ന 23 ലക്ഷം രൂപയുമാണ് ഞങ്ങളുടെ ആകെയുള്ള കയ്യിരിപ്പു പണം. മറ്റൊരു രൂപ പോലും ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ബിസിനസ്സിലോ മറ്റേതെങ്കിലും രൂപത്തിലുള്ള നിക്ഷേപമായോ ഇല്ലെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. 
 
എന്റെ ഭാര്യക്കോ പെൺമക്കൾക്കോ സ്വന്തമായി ഒരുതരി സ്വർണ്ണം ആഭരണമായിപ്പോലും  ഞങ്ങളുടെ വീട്ടിലോ ഏതെങ്കിലും ബാങ്കുകളുടെ ലോക്കറുകളിലോ ഇരിപ്പില്ല. എന്റെ ജീവിതപങ്കാളിയോ പെൺമക്കളോ വർഷങ്ങളായി സ്വർണ്ണമേ ഉപയോഗിക്കാറില്ല. എന്റെയോ ഭാര്യയുടെയോ മക്കളുടെയോ പേരിൽ ഒരു വാഹനവും ഇല്ല. രണ്ട് സഹകരണ സംഘങ്ങളിൽ (മലബാർ കോപ്പറേറ്റീവ് ടെക്‌സ്റ്റൈൽസ് ലിമിറ്റഡ്, കാർത്തല, ചുങ്കം, ആതവനാട്, മലപ്പുറം, ഇംബിച്ചിബാവ മെമ്മോറിയൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ, അലത്തിയൂർ, തിരുർ, മലപ്പുറം) അയ്യായിരം രൂപയുടെ ഓരോ ഷെയറുകൾ എന്റെ പേരിലുണ്ട്.
 
മന്ത്രി എന്ന നിലയിൽ തദ്ദേശ സ്വയംഭരണവകുപ്പ് കൈകാര്യം ചെയ്യവെ, തദ്ദേശവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുടെ ചെയർമാൻ എന്ന നിലയിൽ അനുവദിച്ചു കിട്ടിയ ഡിൻ നമ്പറല്ലാതെ മറ്റൊരു ഡിൻ നമ്പറും എന്റേതായി ഇല്ല. വളാഞ്ചേരി കാട്ടിപ്പരുത്തി വില്ലേജിൽ 19.5 സെന്റ് ഭൂമിയും അതിൽ നിർമ്മിച്ച ഒരു സാധാരണ വീടുമാണ് എന്റെറെയും ഭാര്യയുടെയും ആകെയുള്ള സാമ്പാദ്യം. അതിനുപുറമെ വീട്ടിൽ ഒരു ടിവി, ഒരു ഫ്രിഡ്ജ്, ഒരു എ.സി, ഒരു വാഷിംഗ് മെഷീൻ, ഒരു മൈക്രോ ഓവൻ, ഒരു വാട്ടർ ഫിൽറ്റർ, ഒരു ഗ്രയ്ന്റർ, 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഫർണിച്ചർ, 1,500 ലധികം പുസ്തകങ്ങളുള്ള ഒരു ഹോം ലൈബ്രറി, മറ്റുസാധാരണ വീട്ടുപകരണങ്ങൾ, ഞങ്ങൾ ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകൾ, ഫോണുകൾ, എന്നിവയുമുണ്ട്. ഇക്കാര്യം ആരെവിട്ടും അങ്ങേക്ക് അന്വേഷിച്ച് ഉറപ്പുവരുത്താവുന്നതാണ്. 
 
മകൾ സുമയ്യയുടെ ബാങ്ക് ബാലൻസ് ഏകദേശം മുപ്പത്തിയാറായിരം രൂപയും, മകൻ ഫാറൂക്കിന്റെ ബാങ്ക് ബാലൻസ് അഞ്ഞൂറ് രൂപയുമാണ്. താങ്കൾ ആവശ്യപ്പെട്ട പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ൽസും ഇതോടൊപ്പം വെക്കുന്നുണ്ട്. കഴിഞ്ഞ നാലര വർഷത്തിനിടയിൽ ആറ് വിദേശ യാത്രകളാണ് ഞാൻ നടത്തിയിട്ടുള്ളത്. രണ്ട് യു.എ.ഇ സന്ദർശനങ്ങൾ (ഒന്ന്, ഷാർജ പുസ്തകമേളയ്ക്കും, മറ്റൊന്ന്, പിഎസ്എംഒ കോളേജ് പൂർവവിദ്യാർഥി മീറ്റിനും), റഷ്യൻ വിസിറ്റ് (ഔദ്യോഗിക ഇന്ത്യൻ ഡെലിഗേഷൻ അംഗമെന്ന നിലയിൽ), യു.എസ്.എ സന്ദർശനം (മലയാലളി പ്രസ് ഫോറം കോൺഫറൻസിൽ പങ്കെടുക്കാൻ. ഇതേ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരായ വെങ്കടേഷ് രാമകൃഷ്ണനും, എം.ജി. രാധാകൃഷ്ണനും, വേണു ബാലകൃഷ്ണനും പങ്കെടുത്തിരുന്നു), മാൽദ്വീവ്സ് (ഔദ്യോഗികം), ഖത്തർ (വ്യക്തിപരം) എന്നിവയാണവ. താങ്കൾ കത്തിൽ ആവശ്യപ്പെട്ട പ്രകാരമുള്ള എല്ലാ രേഖകളും ഇതോടൊപ്പം വെക്കുന്നു. 
 

(ആകെ 138 പേജ്)

ആത്മാർത്ഥതയോടെ

ഡോ: കെ.ടി ജലീൽ

  7.10.2020,

  തിരുവനന്തപുരം.

 

ഇതൊന്നിച്ച് അറ്റാച്ചുചെയ്തിട്ടുള്ള രേഖകളുടെ വിശദാംശങ്ങൾ

  1) താങ്കൾ ആവശ്യപ്പെട്ട പ്രകാരം എന്റെയും ഭാര്യയുടെയും ആശ്രിതരായ രണ്ട് മക്കളുടെയും അക്കൗണ്ടുകളുടെ കഴിഞ്ഞ ആറ് വർഷത്തെ വിശദമായ സ്റ്റേറ്റുമെൻ്റുകൾ.

  2) എന്റെയും എന്റെ കുടുംബത്തിന്റെയും സ്വത്തുവഹകളുടെ പ്രമാണവും വിൽപ്പന ഡീഡുകളുടെ പകർപ്പും. അതിപ്പോൾ പണയത്തിലാണെന്ന് തെളിയിക്കുന്ന രേഖകളും ലോണിൻ്റെ തിരിച്ചടവുമായി ബന്പ്പെട്ട് അസംബ്ലിയിൽ നിന്നുള്ള റിപ്പോർട്ടിൻ്റെ കോപ്പിയും.

  3) ഞാൻ നടത്തിയ വിദേശ യാത്രകളുടെ  വിശദാംശങ്ങളടങ്ങുന്ന രേഖകൾ

  4) DIN വിശദാംശങ്ങൾ         

 
പാക്കിസ്ഥാനിൽ നിന്നും സിറിയയിൽ നിന്നും എനിക്ക് വന്ന ഫോൺകോൾ വിവരങ്ങൾ പരിശോധിക്കാനാണത്രെ ഗൺമാൻ പ്രജീഷിൻ്റെ ഫോൺ കണ്ട്കെട്ടിയതെന്ന് സൂചിപ്പിക്കുന്ന, ആർ.എസ്.എസ്, ബി.ജെ.പി പത്രമായ "ജൻമഭൂമി"യുടെ വാർത്താശകലമാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍