സിനിമാ മേഖല നാളുകളായി തുടർന്നുവന്നിരുന്ന പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്റർ സമരം പിൻവലിച്ചു. സർക്കാർ ചർച്ചയ്ക്കു വിളിച്ചതിന്റെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു. പുതിയ സംഘടന ഞങ്ങൾക്ക് ഭീഷണിയല്ലെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.
തിയേറ്ററുകൾക്കെതിരെ പ്രതികാര നടപടിയുണ്ടായാൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. സമരത്തിനെതിരെ സർക്കാർ കടുത്ത നിലപാട് എടുത്തിരുന്നു. തിയറ്ററുകളിൽ ഇന്നു മുതൽ പ്രദർശനം ആരംഭിക്കും. പുതിയ സംഘടന ഇന്ന് രൂപീകരിക്കും. ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാടിനെ തള്ളി മുഖ്യമന്ത്രികൂടി രംഗത്തുവന്നതോടെ ലിബര്‍ട്ടി ബഷീറിനൊപ്പം നില്‍ക്കുന്ന ബാക്കിയുള്ള തിയറ്റര്‍ ഉടമകളുടെ നിലപാടും നിര്‍ണായകമാകും.
നടനും നിർമാതാവുമായി ദിലീപിന്റെ കാർമികത്വത്തിൽ നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, മൾട്ടിപ്ലെക്സ് ഉടമകൾ, സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, തിയറ്റർ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ ചേർന്നു പുതിയ സംഘടനയുണ്ടാക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അവർ ഇന്നു യോഗം ചേർന്നു സംഘടന പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.
ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ ഭിന്നത പുതിയ സംഘടനയുടെ പിറവിയിലാണ് എത്തിച്ചത്. സൗകര്യമുള്ള ഏതു തിയറ്ററിലും സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങി.