വാട്ട്‌സ്‌ആപ്പ് ദൃശ്യങ്ങള്‍ വ്യാജമെന്ന് സരിത; അന്വേഷണത്തിന് മനുഷ്യാവകാശകമ്മീഷന്റെ ഉത്തരവ്

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (08:43 IST)
സോളാര്‍ കേസില്‍ ആരോപണവിധേയയായ സരിത എസ്‌ നായരുടെ അശ്ലീലചിത്രങ്ങള്‍ വാട്‌സ്‌ ആപ്പിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച്‌ ഹൈടെക്‌ ക്രൈം എന്‍ക്വയറി സെല്‍ വിശദമായി അന്വേഷിക്കണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍. ചിത്രങ്ങള്‍ തന്റെ അറിവോ സമ്മതമോ കൂടാതെ പ്രചരിപ്പിക്കപ്പെട്ടതും പലതും വ്യാജമാണെന്നു കാണിച്ച്‌ സരിത നല്‍കിയ പരാതിയിലാണ്‌ ഉത്തരവ്. ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, യൂട്യൂബ്‌, വാട്‌സ്‌ ആപ്പ്‌ എന്നീ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്‌. 
 
അന്വേഷണ റിപ്പോര്‍ട്ട്‌ സംസ്‌ഥാന പോലീസ്‌ മേധാവി രണ്ടുമാസത്തിനകം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണം. ആര്‍ക്കെങ്കിലുമെതിരേ നേരത്തെ നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം വ്യക്‌തമാക്കാനും നിര്‍ദേശമുണ്ട്‌. ഡിജിപിയുടെ വിശദീകരണം ലഭിച്ചശേഷം കമ്മിഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. 
 
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പത്രമാണ്‌ തനിക്കെതിരേ മാനഹാനിയുണ്ടാക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും സരിത കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നാലും പതിനൊന്നും വയസുള്ള മക്കളും വിധവയായ അമ്മയും 90 വയസുള്ള മുത്തശിയുമടങ്ങുന്ന തന്റെ കുടുംബത്തിന്‌ ഇത്‌ അപമാനകരമാണെന്നും പരാതിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.