നായാട്ട് സംഘം പരുക്കേല്‍പ്പിച്ച അഞ്ച് ആനകള്‍ വനത്തിലുണ്ടെന്ന് ആനവേട്ടക്കേസിലെ പ്രതിയുടെ മൊഴി
വെള്ളി, 24 ജൂലൈ 2015 (14:00 IST)
ആനവേട്ടയ്‌ക്കിടെ നായാട്ട് സംഘം പരുക്കേല്‍പ്പിച്ച അഞ്ച് ആനകള്‍ വനത്തിലുണ്ടെന്ന് ഇടമലയാര്‍ ആനവേട്ടക്കേസില്‍ പിടിയിലായ കൂവപ്പാറ സ്വദേശി റെജിയുടെ മൊഴി. വെടിയേറ്റ് പരിക്കേറ്റ അഞ്ച് ആനകള്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ടെന്നും ഇവ വനത്തിലുണ്ടെന്നുമാണ് റെജി മൊഴിയില്‍ വ്യക്‌തമാക്കുന്നത്.
കേസിലെ മുഖ്യപ്രതി വാസു, കൂട്ടാളികളായ എല്‍ദോസ്, ആണ്ടിക്കുഞ്ഞ് എന്നിവര്‍ക്കൊപ്പം താന്‍ മൂന്നു തവണ കാട്ടില്‍പോയിട്ടുണ്ടെന്നും നാല് ആനകളെ കൊന്ന് കൊമ്പെടുത്തുവെന്നും റെജിയുടെ മൊഴിയില്‍ പറയുന്നു. വാസുവും ആണ്ടിക്കുഞ്ഞുമാണ് ആനകളെ വെടിവെച്ചിടുന്നത്. ഇവരുടെ പക്കല്‍ തോക്കുകളും കൊമ്പെടുക്കാന്‍ ആവശ്യമായ ഉപകരണങ്ങളും ഉണ്ടെന്നും റെജി പറയുന്നു.
കേസിലെ രണ്ടാം പ്രതി എല്‍ദോസ് പറഞ്ഞിട്ടാണ് താന്‍ ആനവേട്ട സംഘത്തില്‍ ചേര്‍ന്നത്. ഒരു കൊമ്പിന് വാസുവിന് കിട്ടുന്നത് 15,000 രൂപയാണെന്നും മൂന്ന് തവണ പോയപ്പോള്‍ തനിക്ക് 27,000 രൂപ പ്രതിഫലമായി ലഭിച്ചുവെന്നും മൊഴി നല്‍കിയ റെജി സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് താന്‍ ഈ പണിയ്‌ക്ക് ഇറങ്ങിയതെന്നും വ്യക്‌തമാക്കുന്നുണ്ട്.