കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

ഞായര്‍, 16 ഒക്‌ടോബര്‍ 2016 (17:56 IST)
കാട്ടാനയുടെ ആക്രമണത്തില്‍ തിരുനെല്ലി അരണപ്പാറയില്‍ 28 കാരനായ യുവാവ് മരിച്ചു. തോല്‍പ്പെട്ടിയിലെ ടാക്സി ജീപ്പ് ഡ്രൈവറായ അരണപ്പാറ വാകേരി കോട്ടയ്ക്കല്‍ തോമസ് എന്ന ഷിമി (28) യാണു കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ അരണപ്പാറ വനത്തോടു ചേര്‍ന്നുള്ള റോഡരുകിലാണു തോമസിന്‍റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴിയാവാം കാട്ടാന ആക്രമിച്ചതെന്നു കരുതുന്നു.
 
കഴിഞ്ഞ മാസം കാട്ടിക്കുളം ഇരുമ്പുപാലം തേക്ക് തോട്ടത്തില്‍ വച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ ബൊമ്മന്‍ മരിച്ചിരുന്നു. ഡി.എഫ്.ഒ അടക്കമുള്ളവര്‍ അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 
 
തോമസിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞ വനം വകുപ്പ് മന്ത്രി മരിച്ച തോമസിന്‍റെ കുടുംബത്തിനു അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സഹായം എന്ന നിലയ്ക്ക് 25000 രൂപ അനുവദിക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക