രണ്ടാംഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്ത് 74 % പോളിംഗ്

Webdunia
വ്യാഴം, 5 നവം‌ബര്‍ 2015 (17:44 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 74 ശതമാനം പോളിംഗ്. സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്കാണ് ഇന്ന് പോളിംഗ് നടന്നത്. അഞ്ചുമണിക്ക് പോളിംഗ് സമയം അവസാനിച്ചെങ്കിലും മിക്ക പോളിംഗ് ബൂത്തുകളിലും നീണ്ട ക്യൂ ആണ് ഉള്ളത്. അഞ്ചുമണി വരെ വരിയില്‍ എത്തിയ ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്കും. കൂടാതെ, മലപ്പുറം ജില്ലയില്‍ പോളിംഗ് വൈകിത്തുടങ്ങിയ ഇടങ്ങളില്‍ ഏഴുമണി വരെ പോളിംഗ് സമയം നീട്ടിയിട്ടുണ്ട്.
 
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലേക്കാണ് അന്തിമഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഏഴ് ജില്ലകള്‍, 546 ഗ്രാമപഞ്ചായത്തുകള്‍, 89 ബ്ലോക്ക് പഞ്ചായത്തുകള്‍,  55 നഗരസഭകള്‍, കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. 
 
അഞ്ചുമണി വരെ ഓരോ ജില്ലയിലെയും പോളിംഗ് ശതമാനം ഇങ്ങനെയാണ്: ആലപ്പുഴ,(77%) പത്തനംതിട്ട(70%), കോട്ടയം(77%), എറണാകുളം (73%), പാലക്കാട് (77%), തൃശൂര്‍ (71%), മലപ്പുറം (74 %).
 
അതേസമയം, തൃശൂരില്‍ നാല് ബൂത്തുകളില്‍ നാളെ റീപോളിംഗ് നടക്കും. ഇന്ന് പോളിംഗ് തടസപ്പെട്ട ബൂത്തുകളിലാണ് വെള്ളിയാഴ്ച റീപോളിംഗ് നടക്കുന്നത്.  ഇതിനിടെ, മലപ്പുറത്ത് 27 ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കളക്‌ടര്‍ ശുപാര്‍ശ ചെയ്തു.