നിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഎം

വ്യാഴം, 4 ഫെബ്രുവരി 2016 (11:56 IST)
നിയമസഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടരുതെന്ന് തെരഞ്ഞെടുപ്പ്  കമ്മീഷന് മുമ്പാകെ സിപിഎം ആവശ്യപ്പെട്ടു. തോമസ് ഐസക്കാണ് കമ്മീഷന് മുമ്പാകെ ഈ ആവശ്യം  ഉന്നയിച്ചത്. ഏപ്രില്‍ ആദ്യ വാരമോ അല്ലെങ്കില്‍ അവസാനവാരമോ തെരഞ്ഞെടുപ്പ് നടത്തണം. വിഷു ആഘോഷങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഏപ്രില്‍ അവസാന വാരമോ മെയ് ആദ്യ വാരമോ തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഏപ്രില്‍ അവസാനം തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലീം ലീഗ് ആവശ്യമുന്നയിച്ചിരുന്നു. കൂടാതെ ഒറ്റഘട്ടമായിതന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ലീഗ് വ്യക്തമാക്കി. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കണമെന്ന ആവശ്യം കോണ്‍ഗ്രസും ഉന്നയിച്ചു.

തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഇന്നലെയാണ് കേരളത്തിലെത്തിയത്.  സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും.

വെബ്ദുനിയ വായിക്കുക