കൊവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ട്: തപാല്‍ ചര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ശ്രീനു എസ്
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (08:59 IST)
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കുന്നവരില്‍ നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു. കാലതാമസം ഒഴിവാക്കാനായി സ്‌പെഷ്യല്‍ തപാല്‍ വോട്ട് സ്പീഡ് പോസ്റ്റ് വഴി അയക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. സ്പീഡ് പോസ്റ്റിന്റെ ചെലവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് വഹിക്കുക. പോസ്റ്റ് മാസ്റ്റര്‍ ജനറലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്മീഷണര്‍ അറിയിച്ചു.
 
അതേസമയം ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കുമുള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസകരന്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ തലേദിവസം വൈകുന്നേരം മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കുമാണ് സെപ്ഷ്യല്‍ തപാല്‍വോട്ട് അനുവദിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article