തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്ക്കാന്‍ തയ്യാര്‍; യുവാക്കളുടെ അവസരം നഷ്‌ടപ്പെടുത്തില്ലെന്നും പ്രതാപന്‍

ശനി, 2 ഏപ്രില്‍ 2016 (17:55 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്കാന്‍ തയ്യാറാണെന്ന് ടി എന്‍ പ്രതാപന്‍. താന്‍ കാരണം യുവാക്കളുടെ അവസരം നഷ്‌ടപ്പെടുത്തില്ലെന്നും പ്രതാപന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ പ്രതാപന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 
തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധിയെയും ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും അറിയിച്ചിട്ടുണ്ട്. തന്റെ നിലപാട് ഒരു സ്ഥാനാര്‍ത്ഥിത്വം കൊണ്ട് മാറുന്നതല്ല. കയ്‌പമംഗലം സീറ്റിനായി രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിട്ടില്ലെന്നും കത്തിനു പിന്നില്‍ ഗൂഡാലോചനയാണെന്നും പ്രതാപന്‍ പറഞ്ഞു.
 
കയ്പമംഗലത്ത് ശോഭ സുബിന്റെ പേര് നിര്‍ദ്ദേശിച്ചത് താനാണ്. താന്‍ കാരണം ഒരു ചെറുപ്പക്കാരന്റെ സാധ്യത നഷ്‌ടപ്പെടുത്തില്ല. ഒരു യൂത്ത് കോണ്‍ഗ്രസുകാരന്റെയും അവസരം നഷ്‌ടപ്പെടുത്തില്ല. രാഹുല്‍ ഗാന്ധിയോട് ബഹുമാനമാണ് അടുപ്പമാണ്. കയ്‌പമംഗലത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന് രാഹുല്‍ ഗാന്ധി സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചതാണ്. 
 
എന്നാല്‍, മത്സരിക്കാന്‍ ഇല്ലെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. യുവാക്കള്‍ക്കു വേണ്ടി താന്‍ ഇത്തവണ മാറി കൊടുക്കുകയാണെന്നും പ്രതാപന്‍ പറഞ്ഞു. കത്തു കൊടുത്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും പ്രതാപന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക